പത്തുലക്ഷം പേര്‍ക്ക് ജോലി: 75000 പേര്‍ക്ക് നിയമനം നല്‍കി; മെഗാ തൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പത്തുലക്ഷം പേര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ച മെഗാ തൊഴില്‍ മേള പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ പ്രഹരം മയപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തൊഴില്‍മേളയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇന്ന് 75000 പേര്‍ക്ക് നിയമന കത്ത് അയക്കുകയും ചെയ്തു. യുവാക്കള്‍ക്ക് പരമാവധി തൊഴിലവസരം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്നും മോഡി പറഞ്ഞു.

‘ആഗോള സാഹചര്യം അത്ര നല്ലതല്ല എന്നത് ഒരു വസ്തുതയാണ്. നിരവധി വന്‍കിട സമ്പദ് വ്യവസ്ഥകള്‍ പ്രതിസന്ധിയിലാണ്. നിരവധി രാജ്യങ്ങളില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും മറ്റു പ്രശ്നങ്ങളും അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്’ പ്രധാനമന്ത്രി പറഞ്ഞു.

38 മന്ത്രാലയങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും കീഴിലാണ് 75000 പേര്‍ക്ക് നിയമനം നല്‍കിയത്. കേന്ദ്ര സായുധ സേനാംഗങ്ങള്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍, എല്‍ഡിസികള്‍, സ്റ്റെനോഗ്രാഫര്‍മാര്‍, പിഎമാര്‍, ആദായ നികുതി ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയ തസ്തികകളില്‍ നിയമനം നടന്നെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

Exit mobile version