ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സാരിയും ചുരിദാര്‍ ഷാളും അലസമായി നീട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക…നിര്‍ദ്ദേശങ്ങളുമായി പോലീസ്

അബദ്ധത്തില്‍ എവിടെയെങ്കിലും കുരുങ്ങിയാല്‍ അപകടം ദാരുണമായിരിക്കുമെന്ന് കേരളാ പോലീസ് ഫേസ്ബുക്കില്‍ കുറിച്ചു

തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളില്‍ പിറകിലിരുന്ന് യാത്രചെയ്യുന്ന സ്ത്രീകളുടെ സാരിയും ഷാളുമൊക്കെ ബൈക്കിന്റെ ചക്രങ്ങളില്‍ കുടുങ്ങി അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് കേരളാ പോലീസ്.

സാരിയുടെയോ ഷാളിന്റെയോ അറ്റം പിന്‍ചക്രത്തില്‍ കുരുങ്ങി അപകടങ്ങള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അതുപോലെ കഴുത്തില്‍ ഷാള്‍ ചുറ്റിക്കെട്ടിയിടാതിരിക്കുക. അബദ്ധത്തില്‍ എവിടെയെങ്കിലും കുരുങ്ങിയാല്‍ അപകടം ദാരുണമായിരിക്കുമെന്ന് കേരളാ പോലീസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്ത യുവതിയുടെ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി ദാരുണാന്ത്യം’ എന്ന വാര്‍ത്ത നമ്മള്‍ ഇടയ്ക്കിടെ മാധ്യമങ്ങളില്‍ കാണാറുണ്ട്. യാത്ര തിരിക്കുന്നതിന് മുന്‍പ് ഒരു ചെറിയ മുന്‍കരുതല്‍ എടുക്കുന്നതില്‍ അശ്രദ്ധ കാണിക്കുന്നതിന്റെ ഫലമാണ് ഇത്തരം അപകടങ്ങള്‍. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സാരിയും ചുരിദാര്‍ ഷാളും അലസമായി നീട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക. സാരിയുടെയോ ഷാളിന്റെയോ അറ്റം പിന്‍ചക്രത്തില്‍ കുരുങ്ങി അപകടങ്ങള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

അതുപോലെ കഴുത്തില്‍ ഷാള്‍ ചുറ്റിക്കെട്ടിയിടാതിരിക്കുക. അബദ്ധത്തില്‍ എവിടെയെങ്കിലും കുരുങ്ങിയാല്‍ അപകടം ദാരുണമായിരിക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് ഈവക മുന്‍കരുതലുകള്‍ ഉറപ്പു വരുത്തുക. യാത്രക്കിടയിലും ശ്രദ്ധിക്കുക.

മോട്ടോര്‍ വാഹന നിയമപ്രകാരം ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കു പിടിക്കാവുന്ന വിധത്തില്‍ ഓടിക്കുന്ന ആളുടെ പിന്നില്‍ വാഹനത്തിന്റെ വശത്തായി കൈപിടിയും പാദങ്ങള്‍ വയ്ക്കാന്‍ ഫുട് റെസ്റ്റും പിന്നിലിരിന്ന് യാത്ര ചെയ്യുന്നയാളുടെ വസ്ത്രങ്ങള്‍ ചക്രത്തിന്റെ ഉള്ളിലേക്കു കടക്കാത്ത വിധം ചക്രത്തിന്റെ പകുതിയോളം മൂടുന്ന സാരിഗാര്‍ഡും നിര്‍ബന്ധമാണ്.

കേവലം ഒരശ്രദ്ധ. അതോഴിവാക്കിയാല്‍ ലാഭിക്കുന്നത് വിലപ്പെട്ട ഒരു ജീവനാണ്.

ശുഭയാത്ര.’

Exit mobile version