‘നിങ്ങളെ കൊണ്ടാവും പോലെ എന്നെ അപമാനിച്ചോള്ളൂ,പക്ഷേ ഇന്നാട്ടിലെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കരുത്’; മോഡി

രാജ്യത്തിന്റെ വികസനത്തെ കുറിച്ച് പറയുമ്പോള്‍ തന്നെ ആക്രമിക്കുകയാണ് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി തൃശ്ശൂരില്‍ നടന്ന യുവമോര്‍ച്ച സമ്മേളനത്തില്‍ വ്യക്തമാക്കി

തൃശൂര്‍: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോഡി കേരളത്തിലെത്തി. തൃശ്ശൂരിലെ യുവമോര്‍ച്ച സമ്മേളന വേദിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് സംസാരിച്ചു. രാജ്യത്തിന്റെ വികസനത്തെ കുറിച്ച് പറയുമ്പോള്‍ തന്നെ ആക്രമിക്കുകയാണ് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി തൃശ്ശൂരില്‍ നടന്ന യുവമോര്‍ച്ച സമ്മേളനത്തില്‍ വ്യക്തമാക്കി. തന്നെ ആക്രമിച്ചോളൂ എന്നാല്‍ തന്നെ അഴിമതിക്കാരനെന്ന് വിളിക്കരുതെന്ന് മോഡി തൃശൂരില്‍ പറഞ്ഞു.

രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതിയുമായി സര്‍ക്കാര്‍ വരുമ്പോള്‍ മോഡിയെ വെറുക്കുക എന്ന അജന്‍ഡയുമായാണ് പ്രതിപക്ഷത്തുള്ള സുഹൃത്തുകള്‍ വരുന്നത്. അവര്‍ക്ക് മറ്റൊരു രാഷ്ട്രീയവും മുന്നോട്ട് വയ്ക്കാനില്ല. അവര്‍ രാവിലെ എണീക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ മോദിയെ അപമാനിക്കാന്‍ മാത്രമാണെന്നും മോഡി യുവമോര്‍ച്ചാ വേദിയില്‍ പറഞ്ഞു.

‘നിങ്ങളെ കൊണ്ടാവും പോലെ എന്നെ അപമാനിച്ചോള്ളൂ പക്ഷേ ഇന്നാട്ടിലെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കരുത്. എന്നെ എങ്ങനെയും അധിക്ഷേപിച്ചോള്ളൂ. പക്ഷേ നാട്ടിലെ ചെറുപ്പാക്കാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് തടയരുത്. എത്ര വേണമെങ്കിലും എന്നെ അപമാനിച്ചോള്ളൂ പക്ഷേ മഹത്തായ ഈ രാജ്യത്തെ നിങ്ങള്‍ അപമാനിക്കരുത്’ – മോഡി പ്രസംഗത്തില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ കരുത്ത് ഇന്ത്യയുടെ ജനാധിപത്യമാണ്. രാജ്യം ശക്തമാണെങ്കില്‍ ഇവിടെ ജനാധിപത്യം ശക്തമായി നിലനില്‍ക്കണം. തെരഞ്ഞെടുപ്പ് വരും പോകും. പക്ഷേ രാജ്യം നിലനില്‍ക്കും.

 

Exit mobile version