തിറ ആഘോഷത്തിനിടെ ക്ഷേത്രത്തില്‍ സംഘര്‍ഷം: കോമരത്തിനടക്കം ആറ് പേര്‍ക്ക് കുത്തേറ്റു

കണ്ണൂര്‍: കൂത്തുപറമ്പ് കൈതേരിയില്‍ തിറ ആഘോഷത്തിനിടെ ക്ഷേത്രത്തില്‍ സംഘര്‍ഷം. ആക്രമണത്തില്‍ കോമരത്തിനടക്കം 2 പേര്‍ക്ക് സാരമായി കുത്തേറ്റു. സംഘര്‍ഷം തടയാന്‍ ശ്രമിച്ചവരടക്കം മൊത്തം 6 പേര്‍ക്ക് പരിക്കുണ്ട്.

കൈതേരി മാവുള്ളച്ചാലില്‍ ഭഗവതി ക്ഷേത്രത്തില്‍ വൈകുന്നേരം 5 മണിയോടെ ആണ് ആക്രമണം ഉണ്ടായത്. തിറ ആഘോഷം നടന്നുകൊണ്ടിരിക്കെ ഒരു സംഘം ക്ഷേത്ര മുറ്റത്ത് കയറി ആക്രമിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ കോമരം മുര്യാട് സ്വദേശി ദാസന്‍, മകന്‍ മുല്ലോളി ദിപിന്‍, ഭാര്യ രതി, ദിപിന്റെ ഭാര്യ ഹരിത, ആയിത്തറയിലെ രോഹിണി, ആയിത്തറ സ്വദേശി പി പ്രദീപന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കത്തികൊണ്ടുള്ള കുത്തേറ്റ് സാരമായി പരിക്കേറ്റ ദാസന്‍, ദിപിന്‍ എന്നിവരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. രതിയും, ഹരിതയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ദാസനെയും ദിപിനെയും മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് സ്ത്രീകള്‍ക്ക് പരുക്കേറ്റത്. അക്രമത്തെ തുടര്‍ന്ന് ക്ഷേത്ര ചടങ്ങുകള്‍ പാതിവഴിയില്‍ നിര്‍ത്തി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കൂത്തുപറമ്പ് പോലീസ് സംഭവസ്ഥലത്ത് നിന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്പലക്കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിറകിലെന്നാണ് വിവരം.

Exit mobile version