നെറ്റിപ്പട്ടവും മുത്തുകുടയും ചൂടി ഗജരാജപ്രൗഢിയോടെ’ആനവണ്ടി എഴുന്നള്ളത്ത്’; കൊട്ടാരക്കരയിലെ വേറിട്ടൊരു ഉത്സവക്കാഴ്ച

കൊട്ടാരക്കര: ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെ ആനയ്ക്കു പകരം ആനവണ്ടിയെ നെറ്റിപ്പട്ടം ചാര്‍ത്തി എഴുന്നള്ളിച്ച് വേറിട്ടൊരു ഉത്സവക്കാഴ്ച. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തിനാണ് ആനവണ്ടി എഴുന്നള്ളത്ത് നടന്നത്.

കെഎസ്ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയിലെ മൊബൈല്‍ വര്‍ക്‌ഷോപ്പ് വാന്‍ ആണ് ഉത്സവത്തിന് എഴുന്നള്ളിച്ചത്. നെറ്റിപ്പട്ടം കെട്ടിച്ച് പൂമാലയും തോരണങ്ങളും ബലൂണുകളുമൊക്കെയായി അലങ്കരിച്ച് ഗജരാജപ്രൗഢിയോടെ തന്നെയായിരുന്നു ആനവണ്ടിയുടെ വരവ്.

ആനവണ്ടി എഴുന്നള്ളിപ്പ് കാണാന്‍ റോഡിനിരുവശവും വന്‍ ജനക്കൂട്ടമായിരുന്നു. കൊട്ടാരക്കര കെഎസ്ആര്‍ടിസി വര്‍ഷം തോറും ഉത്സവാഘോഷങ്ങളുടെ ഭാഗമാകാറുണ്ട്. ഒരു ദിവസത്തെ ഉത്സവം തങ്ങളുടെ വകയാക്കി ആഘോഷമാക്കാറാണ് പതിവ്. ഇക്കുറി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആശയം കൂടിയായതോടെ സംഗതി വേറെ ലെവലായി. ആനവണ്ടി എഴുന്നള്ളിച്ച് കൊട്ടാരക്കരക്കാരും പറഞ്ഞു, ഞങ്ങള് വേറെ ലെവലാന്ന്. സംഗതി എന്തായാലും സൈബര്‍ലോകം ഏറ്റെടുത്ത് കഴിഞ്ഞു.

Exit mobile version