ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത് സര്‍ക്കാര്‍ അറിവോടെയെന്ന് സത്യവാങ്മൂലം; സുരക്ഷ മുന്‍നിര്‍ത്തിയാണ് വിഐപി ഗേറ്റിലൂടെ യുവതികളെ പ്രവേശിപ്പിച്ചതെന്നും പോലീസ്

കൊച്ചി: ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത് സര്‍ക്കാര്‍ അറിവോടെയെന്ന് സത്യവാങ്മൂലം. പത്തനംതിട്ട എസ് പിയാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചത്.

കനകദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും പമ്പയില്‍നിന്നു സന്നിധാനത്തേക്കു നാല് പോലീസുകാര്‍ സുരക്ഷ നല്‍കി. വിഐപി ഗേറ്റിലൂടെ യുവതികളെ ശ്രീകോവിലിലേക്ക് കൊണ്ടുപോയത് പ്രതിഷേധക്കാരില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താനാണ്. പ്രതിഷേധക്കാര്‍ തിരിച്ചറിയാതിരിക്കാനാണ് സിവില്‍ വേഷത്തില്‍ പോലീസുകാര്‍ പോയത്. ദര്‍ശനത്തിനെത്തിയ യുവതികളുടെ സുരക്ഷ കണക്കിലെടുത്ത് കൂടിയാണ് സിവില്‍ വേഷം ധരിച്ചതെന്നും സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു.

കൂടാതെ ഹൈക്കോടതി നിരീക്ഷക സമിതിയോട് അനാദരവ് കാണിച്ചിട്ടില്ല എന്നും സത്യവാങ്മൂലം വിശദമാക്കുന്നു. പത്തനംതിട്ട എസ് പി സന്നിധാനത്തെത്തി നിരീക്ഷക സമിതിയെ കാണാതിരുന്നത് തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കാനുള്ള ചുമതല ഉണ്ടായതിനാലാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Exit mobile version