കൃഷിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന ആദിവാസി ദമ്പതികള്‍..! മൃഗങ്ങളുടെ ശല്യം സഹിക്കവയ്യാതെ ‘നാടന്‍ സാങ്കേതിക വിദ്യ’ വികസിപ്പിച്ചെടുത്തു

പാലോട്: വനമേഖലയിലെ കൃഷിയിടങ്ങളില്‍ പലപ്പോഴും വന്യമൃഗ ശല്യം രൂക്ഷമാണ്. ഇതാ കൃഷിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന ആദിവാസി ദമ്പതികളുടെ കഥയാണിത്. നിരവധി തവണ തങ്ങളുടെ കൃഷിയിടത്തില്‍ നിന്ന് മൃഗങ്ങളെ ഓടിക്കാന്‍ പണിപെട്ടെങ്കിലും നടന്നില്ല. ഒടുക്കം സ്വന്തമായി ‘നാടന്‍ സാങ്കേതിക വിദ്യ’ വികസിപ്പിച്ചെടുത്തു.

പാങ്ങോട് പഞ്ചായത്തിലെ കക്കോട്ടുകുന്ന് ശ്രീകല ഭവനില്‍ കരുണാകരന്‍ – ചന്ദ്രിക ദമ്പതികളാണ് ഇപ്പോള്‍ താരം. പുതിയ നാടന്‍ പരീക്ഷണം നാടാകെ പാട്ടാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ ഏതു പാതിരാത്രിയിലും വന്യമൃഗങ്ങളെ ഓടിക്കാന്‍ കഴിയുന്ന ‘റിമോട്ട്’സംവിധാനമാണ് ഇവരുടേത്. ഈ നാടന്‍ വിദ്യയില്‍ ഉപയോഗിച്ചിരിക്കുന്നത് കയര്‍, കുപ്പികള്‍, കപ്പികള്‍, മുളകള്‍ എന്നിവയാണ്. പടക്കമോ വെടിമരുന്നോ വൈദ്യുതാഘാതമോ ഇല്ല. തങ്ങളുടെ ടെറസ് വീടിന്റെ മുകളില്‍ നാലുവശത്തെയും കൃഷിയിടം കാണാന്‍ തക്കവണ്ണം ഏറുമാടം കെട്ടിയാണ് ഇവരുടെ വിദ്യകള്‍ പ്രവര്‍ത്തിക്കുന്നത്. ഏറുമാടത്തില്‍ നിന്ന് കൃഷിയിടത്തിലെ എല്ലാ വശത്തേക്കും കയറുകള്‍ കെട്ടി അതില്‍ മുളകളും മറ്റും കെട്ടിയിട്ട് ശബ്ദം കേള്‍പ്പിക്കുന്നതാണ് ഒരു വിദ്യ. ഏറുമാടത്തിലെ കപ്പിയില്‍ അവസാനിക്കുന്ന കയര്‍ വലിച്ചു വിടുമ്പോള്‍ അങ്ങേതലയ്ക്കല്‍ വെടിശബ്ദം കേള്‍ക്കാം.

പല ഭാഗങ്ങളിലായി കെട്ടിയിട്ടിരിക്കുന്ന കുപ്പികള്‍ കയര്‍ പിടിച്ചു അനക്കുമ്പോള്‍ ഉരസി ഉണ്ടാകുന്ന ശബ്ദം ഏറെ നേരം അന്തരീക്ഷത്തില്‍ അലയടിക്കും ഇത് വന്യമൃഗങ്ങളെ സ്ഥലം കാലിയാക്കാന്‍ പ്രേരിപ്പിക്കും. പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്ന പൈപ്പില്‍ നിര്‍മ്മിച്ച തോക്കും മറ്റൊരു വിദ്യയാണ്.

പന്നി, കുരങ്ങ്, മുള്ളന്‍പന്നി എന്നിവയുടെ ശല്യമാണ് സബിക്കാന്‍ കഴിയാത്തതെന്ന് ഇവര്‍ പറയുന്നു. വന്യജീവികളെ ഉപദ്രവിക്കാതെ ഓടിക്കാനുള്ള തന്ത്രങ്ങളാണ് ഇവരുടേത്. ഇങ്ങനെ കാവല്‍കിടന്നു കൃഷിയെ സ്‌നേഹിച്ചിട്ടും കൃഷി വകുപ്പില്‍ നിന്ന് വേണ്ടത്ര സഹായമില്ലെന്ന പരിഭവം ഇവര്‍ക്കുണ്ട്.

Exit mobile version