ദേവസ്വം ബോര്‍ഡുകളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി; ഈ മാസം 31ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: കേരളത്തിലെ ദേവസ്വം ബോര്‍ഡുകളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിന് എതിരെ നല്‍കിയ ഹര്‍ജികള്‍ ജനുവരി 31ന് സുപ്രീംകോടതി പരിഗണിക്കും. ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.

ശബരിമല വിഷയത്തിലെ പുനഃപരിശോധനാ ഹര്‍ജിയിലെ തീരുമാനത്തിനു ശേഷമേ ഈ ഹര്‍ജി പരിഗണിക്കാവൂയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ കോടതിയെടുക്കുന്ന തീരുമാനം ഈ ഹര്‍ജിയിലെയും വിഷയവുമായി ബന്ധപ്പെട്ടതാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ പ്രസിഡന്റിനെയും, അംഗങ്ങളെയും നിയമിക്കുന്നതിനും തെരഞ്ഞെടുക്കുന്നതിനും സംസ്ഥാന സര്‍ക്കാരിനും, നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ക്കുമുള്ള അധികാരം റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമിയും ടിജി മോഹന്‍ദാസുമാണ് ഹര്‍ജി നല്‍കിയത്.

Exit mobile version