കാലപ്പഴക്കത്തില്‍ ബുദ്ധിമുട്ടുന്ന എസ്എടി ആശുപത്രിയ്ക്ക് ശാപമോക്ഷം; അഞ്ച് കോടിയുടെ നവീകരണത്തിന് ഭരണാനുമതി

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാതൃ-ശിശു ആശുപത്രികൂടിയാണ് എസ്എടി

തിരുവനന്തപുരം: കാലപ്പഴക്കത്തില്‍ ബുദ്ധിമുട്ടുന്ന എസ്എടി ആശുപത്രിയ്ക്ക് ഒടുവില്‍ ശാപമോക്ഷം കിട്ടി. അഞ്ച് കോടിയുടെ നവീകരണത്തിന് ഭരണാനുമതി ലഭിച്ചു. പഴയ കെട്ടിടത്തില്‍ നിന്ന് ചില അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും ഇതാദ്യമായാണ് ഇത്രയും വിപുലമായി ആശുപത്രി നവീകരിക്കുന്നത്.

ആശുപത്രിയുടെ എ ബ്ലോക്കിന്റെ നവീകരണത്തിനും അറ്റകുറ്റ പണികള്‍ക്കുമായാണ് തുക അനുവദിച്ചിരിക്കുന്നത്. കാലപ്പഴക്കം സംഭവിച്ച കെട്ടിടത്തിന്റെ ബലക്ഷയം മാറ്റി അനുയോജ്യമായ വിധത്തില്‍ പ്ലാസ്റ്റര്‍ ചെയ്യുക ടെയില്‍സ് പാകുക, വാതിലുകള്‍, ജനാലകള്‍ തുടങ്ങിയ തടിപ്പണികള്‍, പെയിന്റിങ്, വാട്ടര്‍ സപ്ലൈ ലൈന്‍, ശുചിമുറികള്‍ തുടങ്ങിയവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും നവീകരണത്തിനുമായാണ് ഇത്രയും തുക അനുവദിക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ എസ്എടിയില്‍ പ്രതിവര്‍ഷം പതിനായിരത്തില്‍ പരം കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാതൃ-ശിശു ആശുപത്രികൂടിയാണ് എസ്എടി. 1945 ല്‍ രാജകുടുംബമാണ് ഈ ആശുപത്രിക്ക് തുടക്കം കുറിച്ചത്. 1951 ല്‍ എസ്എടി ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.

Exit mobile version