കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്; രവി പൂജാര വീണ്ടും ഭീഷണിപ്പെടുത്തുന്നതായി ലീന മരിയ പോള്‍

കൊച്ചി പനമ്പള്ളി നഗറിലെ തന്റെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവെയ്പ്പിന് പിന്നില്‍ അധോലോക നേതാവ് രവി പൂജാരയ്ക്ക് പങ്കുണ്ടെന്ന് നടി ലീന മരിയ പോള്‍ തുടക്കത്തില്‍ തന്നെ ആരോപിച്ചിരുന്നു

കൊച്ചി: തന്നെ വീണ്ടും അധോലോക നായകന്‍ രവി പൂജാര ഭീഷണിപ്പെടുത്തുന്നതായി നടി ലീന മരിയ പോള്‍. പോലീസിന് നല്‍കിയ മൊഴിയിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ ഇത് രണ്ടാം തവണയാണ് പോലീസിന് മുന്നില്‍ ഹാജരായി മൊഴി നല്‍കുന്നത്. അഭിഭാഷകന്റെ വീട്ടില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്.

കൊച്ചി പനമ്പള്ളി നഗറിലെ തന്റെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവെയ്പ്പിന് പിന്നില്‍ അധോലോക നേതാവ് രവി പൂജാരയ്ക്ക് പങ്കുണ്ടെന്ന് നടി ലീന മരിയ പോള്‍ തുടക്കത്തില്‍ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ഇയാളുമായി ലീനയ്ക്ക് എന്ത് ഇടപാടാണ് ഉണ്ടായിരുന്നതെന്ന കാര്യത്തില്‍ കൃത്യമായ വിശദീകരണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പോലീസ് വീണ്ടും മൊഴിയെടുത്തത്.

അന്വേഷണസംഘം മൂന്നാഴ്ച മുന്‍പ് തന്നെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലീന എത്തിയിരുന്നില്ല. തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് മൊഴി നല്‍കാനെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

Exit mobile version