ശബരിമല യുവതി പ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ലെന്ന് സൂചന

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ലെന്ന് സൂചന. ഹര്‍ജി പരിഗണിക്കേണ്ട ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ മെഡിക്കല്‍ അവധി ഒരാഴ്ച കൂടി നീട്ടിയതിനെ തുടര്‍ന്നാണിത്. ഈ മാസം 27 വരെയാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധി നീട്ടിയിരിക്കുന്നത്.

വരുന്ന തിങ്കള്‍,ചൊവ്വാ,ബുധന്‍ ദിവസങ്ങളില്‍ സുപ്രീം കോടതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പേര് ഉള്‍പെടുത്തിയിട്ടില്ല. ശാസ്ത്രക്രീയയെ തുടര്‍ന്ന് വിശ്രമിക്കുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധി ഒരാഴ്ച കൂടി നീട്ടിയതായി സുപ്രീം കോടതി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ഈ മാസം 18 വരെയായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധി എടുത്തിരുന്നത്.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയതിനാല്‍ ശബരിമല കേസ് ചൊവ്വാഴ്ച ഭരണഘടന ബെഞ്ച് പരിഗണിക്കാന്‍ സാധ്യത ഇല്ലെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

Exit mobile version