ചിന്നക്കനാല്‍ റിസോര്‍ട്ടിലെ ഇരട്ടകൊലപാതകം 200 കിലോ ഏലം മോഷ്ടിക്കുന്നതിനിടെ; പ്രതി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടത് ഒമ്പത് കിലോമീറ്ററോളം നടന്ന്

റിസോര്‍ട്ടില്‍ നടന്ന ഇരട്ടക്കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് പോലീസ്.

ഇടുക്കി: മൂന്നാര്‍വാസികളെ ഞെട്ടിച്ചുകൊണ്ട് ചിന്നക്കനാലിനു സമീപം നടുപ്പാറയില്‍ റിസോര്‍ട്ടില്‍ നടന്ന ഇരട്ടക്കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് പോലീസ്. കൃത്യത്തിനുശേഷം പ്രതി ബോബിന്‍ ഒമ്പത് കിലോമീറ്ററിലധികം ദൂരം കാല്‍നടയായി നടന്നാണ് വനത്തിലൂടെ തമിഴ്നാട്ടിലേയ്ക്ക് പോയതെന്നും പോലീസ് കണ്ടെത്തി.

നടുപ്പാറയിലെ റിസോര്‍ട്ട് ഉടമയും ജോലിക്കാരനുമാണ് കൊല്ലപ്പെട്ടത്. പ്രതി ഒളിവില്‍ കഴിയുന്ന ബോബിന്‍ തന്നെയാണെന്ന് നേരത്തെ കസ്റ്റഡിയിലെടുത്ത ദമ്പതികളും മൊഴി നല്‍കിയിരുന്നു. ശാന്തന്‍പാറ ചേരിയാര്‍ സ്വദേശികളായ എസ്രബേല്‍, കബില എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്തത്.

റിസോര്‍ട്ടില്‍ നിന്നും മോഷ്ടിച്ച 200 കിലോ ഏലം വില്‍ക്കുന്നതിനും ഒളിവില്‍ കഴിയുന്നതിനും ബോബിന്‍ 25,000 രൂപ പ്രതിഫലം നല്‍കിയെന്നും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

റിസോര്‍ട്ടുടമയായ ജേക്കബ് വര്‍ഗീസിനെ കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തിരുന്നു.

Exit mobile version