കല്ല്യാണ്‍ ജ്വല്ലറിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം: അമ്മയും മകനും പിടിയില്‍, രണ്ടുകിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു

കോയമ്പത്തൂര്‍: കല്ല്യാണ്‍ ജ്വല്ലറിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന രണ്ടുപേരെ ആന്ധ്രാ പോലീസ് പിടികൂടി. അഹമ്മദ് സലീം, അമ്മ ഷമ എന്നിവരെയാണ് പിടികൂടിയത്.

രണ്ടുകിലോയോളം സ്വര്‍ണ്ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഇവരെ ഉടന്‍ തമിഴ്‌നാട് പോലീസിന് കൈമാറും. ഒരു കോടിയോളം രൂപ വിലമതിക്കുന്ന കവര്‍ച്ചയുടെ ആസൂത്രകനായ ഫിറോസിന്റെ അമ്മയും സഹോദരനുമാണ് തിരുപ്പതി റെയില്‍വെ സ്റ്റേഷനില്‍ വച്ച് പിടിയിലായ ഇവര്‍.

ഫിറോസിനെ കഴിഞ്ഞ ദിവസം ആന്ധ്രാ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാളില്‍ നിന്ന് മോഷണ വസ്തുക്കള്‍ ഒന്നും കണ്ടെടുത്തിയിരുന്നില്ല. ഫിറോസില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടംഗ സംഘത്തെ പിടികൂടിയത്. തമിഴ്‌നാട് തിരുവളളൂര്‍ സ്വദേശികളാണ് ഇവര്‍. അറുപത് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ ഇവരുടെ കൈവശമുണ്ടായിരുന്നു.

തിരുപ്പതി ഡിഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. കസ്റ്റഡിയിലുളളവരെ ഉടന്‍ വിട്ടുകിട്ടുമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.

Exit mobile version