തൃശ്ശൂര്‍ കയ്പമംഗലത്ത് ജ്വല്ലറിയുടെ ഭിത്തി കുത്തി തുരന്ന് മോഷണം; കവര്‍ന്നത് മൂന്നരകിലോ സ്വര്‍ണ്ണം, തെളിവുകള്‍ നശിപ്പിക്കാന്‍ മുളക് പൊടി വിതറി

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ കയ്പമംഗലത്ത് മൂന്നുപീടികയിലെ ഒരു ജ്വല്ലറിയില്‍ ഭീത്തി കുത്തി തുരന്ന് കവര്‍ച്ച. ജ്വല്ലറിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന മൂന്നരക്കിലോ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിലാണ് അമ്പരപ്പിക്കുന്ന മോഷണം നടന്നത്. വ്യാഴാഴ്ച രാത്രി 9 മണിക്കാണ് ജ്വല്ലറി പൂട്ടി പോയത്.

ഇന്ന് രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലിമാണ് മോഷണം വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ജ്വല്ലറിയുടെ ഒരു വശത്തെ ഭിത്തി തുരന്നാണ് അകത്തേയ്ക്ക് കയറിയിരിക്കുന്നത്. ദേശീയപാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയുടെ വലത് വശം പുല്ലുകള്‍ നിറഞ്ഞ് കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്.

ഈ ഭാഗത്ത് കൂടെയാണ് മോഷ്ടാക്കള്‍ എത്തി ഭിത്തി തുരന്നിട്ടുള്ളത്. ഏകദേശം രണ്ടടിയോളം വലുപ്പത്തിലാണ് ഭിത്തി തുരന്നിരിക്കുന്നത്. മോഷണം നടത്തിയതിന് ശേഷം ജ്വല്ലറിക്കകത്ത് മോഷ്ടാക്കള്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനായി മുളക് പൊടിയും വിതറിയിട്ടുണ്ട്. ജ്വല്ലറി ഉടമ സലിമും, ഒരു ജീവനക്കാരനും മാത്രമാണ് കടയിലുണ്ടാകാറുള്ളത്. സംഭവത്തില്‍ ഇരിങ്ങാലക്കുട പോലീസ് എത്തി അന്വേഷണം നടത്തി വരികയാണ്.

Exit mobile version