മണ്ഡല മകരവിളക്ക് സീസണ്‍ ആരംഭിക്കാന്‍ 25 ദിവസം മാത്രം; അറ്റകുറ്റപ്പണികള്‍ എങ്ങുമെത്താതെ കുമളി-ശബരിമല റോഡ്

മഴയില്‍ തകര്‍ന്ന കമ്പം, കുമളി റൂട്ടില്‍ ഗതാഗതം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. വണ്ടിപ്പെരിയാര്‍ ഭാഗത്തെ പണികള്‍ ഇഴഞ്ഞു നീങ്ങുകയാണ്

ഇടുക്കി: മണ്ഡല മകരവിളക്ക് സീസണ്‍ ആരംഭിക്കാന്‍ 25 ദിവസം മാത്രം ശേഷിക്കെ തമിഴിനാട്ടില്‍ നിന്ന് കുമളി വഴി ശബരിമലയിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ എങ്ങുമെത്തിയില്ല. മഴയില്‍ തകര്‍ന്ന കമ്പം, കുമളി റൂട്ടില്‍ ഗതാഗതം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. വണ്ടിപ്പെരിയാര്‍ ഭാഗത്തെ പണികള്‍ ഇഴഞ്ഞു നീങ്ങുകയാണ്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ഉപയോഗിക്കുന്ന പ്രധാന പാതകളിലൊന്നാണ് കൊട്ടാരക്കര – ദിണ്ഡുക്കല്‍ ദേശീയ പാത. ചെറിയൊരു മഴ പെയ്താല്‍ പോലും ഈ ഭാഗത്ത് വെള്ളം കയറി ഗതാഗതം നിലക്കും. ഈ വര്‍ഷം പലതവണയായി 36 ദിവസമാണ് ഇവിടെ ഗതാഗതം നിലച്ചത്. പ്രശ്‌ന പരിഹാരത്തിനായി ഒരു കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് ഉയര്‍ത്തുന്ന ജോലികള്‍ ഒരുമാസം മുമ്പ് തുടങ്ങി. ചില ഭാഗത്ത് ഒന്നര മീറ്റര്‍ വരെ ഉയര്‍ത്തണം. ഇതിനായി കല്ലും മണ്ണും ഇട്ടതോടെ റോഡ് തകര്‍ന്നു.

മെറ്റലിനു പകരം മണ്ണിട്ട് ഉയര്‍ത്തുന്നത് വീണ്ടും റോഡ് തകരാന്‍ കാരണമാകുമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് പണികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇതുവഴി എത്തുന്ന അയ്യപ്പന്മാരുടെ നടുവൊടിയും. കനത്ത മഴയില്‍ തകര്‍ന്ന കമ്പം-കുമളി റോഡിലെ മാതാ കോവില്‍ ഭാഗത്തും പണികള്‍ പൂര്‍ത്തിയായിട്ടില്ല.

സീസണു മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ യുദ്ധാകാലാടിസ്ഥാനത്തില്‍ ജോലികള്‍ നടക്കുന്നുണ്ട്. റോഡില്ലാത്തതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. കമ്പത്തു നിന്നും കമ്പംമെട്ട് വഴിയാണ് ഇപ്പോള്‍ എല്ലാ വാഹനങ്ങളും തിരിച്ചു വിട്ടിരിക്കുന്നത്. പണി പൂര്‍ത്തിയായില്ലെങ്കില്‍ ഇതു വഴി എത്തുന്ന അയ്യപ്പന്മാര്‍ ഇത്തവണ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരും.

Exit mobile version