തുലാമാസ പൂജ: ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

18-ാം തീയതി മുതല്‍ 22-ാം തീയതി വരെയാണ് കെഎസ്ആര്‍ടിസി ഭക്തര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നത്.

തിരുവനന്തപുരം: ശബരിമല തുലാമാസ പൂജ പ്രമാണിച്ച് പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി. 18-ാം തീയതി മുതല്‍ 22-ാം തീയതി വരെയാണ് കെഎസ്ആര്‍ടിസി ഭക്തര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നത്.

തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പമ്പയിലേക്ക് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യല്‍ ബസുകളും, മുന്‍കൂട്ടി ബുക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത യൂണിറ്റുകളില്‍ നിന്ന് സര്‍വ്വീസുകള്‍ ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കെഎസ്ആര്‍ടിസി പമ്പ: 0473 5203445, തിരുവനന്തപുരം: 0471 2323979, കൊട്ടാരക്കര: 0474 2452812, പത്തനംതിട്ട: 0468 2222366.

അതേസമയം, തുലാമാസ പൂജയ്ക്കായി ക്ഷേത്രനട നാളെ വൈകിട്ട് 5നു തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി നട തുറക്കും. 18 മുതല്‍ 22 വരെ വിശേഷാല്‍ പൂജകളുണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. 22നു രാത്രി 10നു നട അടയ്ക്കും.

Exit mobile version