ചാക്കിലാക്കി ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിനെ തിരിച്ചറിയാനായില്ല; കഴുത്തില്‍ കണ്ട ഏലസ് കേന്ദ്രീകരിച്ച് അന്വേഷണം

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല.

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ചാക്കിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിന്റെ മൃതദേഹത്തെച്ചുറ്റിപ്പറ്റിയുള്ള ദുരൂഹത ഏറുന്നു. മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ ഇതുവരെയും കഴിഞ്ഞില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല.

രണ്ട് ദിവസം മുന്‍പ് കണ്ടെത്തിയ മൃതദേഹം മൂന്നു വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, തലയിലും ചെറിയ പരിക്കുണ്ടെങ്കിലും മരണകാരണം ഇതല്ലെന്നാണ് കണ്ടെത്തല്‍. അതേസമയം കുട്ടിയാരെന്ന് തിരിച്ചറിയാനായി കഴുത്തില്‍ കെട്ടിയ ഏലസ് കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതില്‍ അറബി വാക്കാണ് എഴുതിയിട്ടുള്ളത്. അതിനാല്‍ മുസ്ലിം പശ്ചാത്തലമുള്ള കുട്ടിയാണെന്ന സംശയത്തിലാണ് പൊലീസ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം താണാവ് മേല്‍പ്പാലത്തിനു സമീപത്ത് ദുര്‍ഗന്ധം വമിച്ചതോടെയാണ് പിന്നീട് ചാക്കുകെട്ട് കണ്ടെത്തിയത്.

തുടര്‍ന്ന് പരിശോധനയില്‍ മൂന്ന് ദിവസം പഴക്കമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. അതേസമയം സമീപപ്രദേശങ്ങളില്‍ എവിടെയും നിന്ന് പെണ്‍കുഞ്ഞിനെ കാണാതായെന്ന വിവരമൊന്നും പുറത്തുവന്നിട്ടില്ല. അതിനാല്‍ മറ്റെവിടെവച്ചെങ്കിലും കൊലപ്പെടുത്തി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാവാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഡിവൈഎസ്പി ജിഡി വിജയകുമാര്‍, പാലക്കാട് നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി അലവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Exit mobile version