ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരം..! സമരത്തിനിറങ്ങിയ അഞ്ച് കന്യാസ്ത്രീകളേയും സഭ സ്ഥലം മാറ്റി; സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്ക് തട്ടി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികാര നടപടി. സമരത്തിനിറങ്ങിയ അഞ്ച് കന്യാസ്ത്രീകളേയും സഭ സ്ഥലം മാറ്റി. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് കന്യാസ്ത്രീകള്‍ സമരം നടത്തിയത്.

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിന്‍,ആല്‍ഫി, നീന റോസ് എന്നിവര്‍ക്കെതിരെയാണ് പ്രതികാരനടപടി. അതേസമയം എല്ലാവരേയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്ഗഢിലേക്കും മാറ്റിയപ്പോള്‍. മറ്റൊരാളെ കണ്ണൂരിലേക്കാണ് മാറ്റിയിരിക്കുന്നത്. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

എന്നാല്‍ സ്ഥലമാറ്റിയ സഭയുടെ നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് കന്യാസ്ത്രീകള്‍. സ്ഥലം മാറ്റം പ്രതികാര നടപടിയാണെന്നും കുറുവിലങ്ങാട് മഠത്തില്‍ നിന്ന് ഒഴിയില്ലെന്നും നടപടിയ്ക്ക് വിധേയരായ കന്യാസ്ത്രീകള്‍ പ്രതികരിച്ചു.

Exit mobile version