ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; കേന്ദ്രം ഇതുവരെ നിര്‍ദേശിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സുരേഷ്ഗോപി മത്സരിക്കുമെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു.

തിരുവനന്തപുരം: തനിക്കിതുവരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം ഒന്നും ലഭിച്ചിട്ടില്ലെന്ന് രാജ്യസഭാ എംപി സുരേഷ് ഗോപി. സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് ബിജെപി കേന്ദ്ര നേതൃത്വമാണെന്നും അത്തരത്തിലൊരു നിര്‍ദേശം ഇതുവരെ തനിക്കു ലഭിച്ചിട്ടില്ലെന്നും സുരേഷ്ഗോപി പറഞ്ഞു.

നേരത്തെ, വിജയസാധ്യത പാര്‍ട്ടി കല്‍പ്പിക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സുരേഷ്ഗോപി മത്സരിക്കുമെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളോട് അദ്ദേഹം പ്രതികരിച്ചിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണു തന്റെ നേതാവ്. നരേന്ദ്ര മോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ദേശീയ സഹസംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് ഇവര്‍ മൂന്നു പേരുമാണ് തന്റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതെന്നും അവര്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് അനുസരിച്ചു തീരുമാനമെടുക്കുമെന്നും സുരേഷ് ഗോപി വിശദീകരിക്കുന്നു.

Exit mobile version