ആലപ്പാട്ടെ സമരം എന്തിന്? മലപ്പുറത്തുകാരുടെ സമരമെന്നത് പ്രയോഗം മാത്രം; പരാതി ഇതുവരെ കിട്ടിയിട്ടില്ല

കൊല്ലം: വീണ്ടും ആലപ്പാട് ഖനനത്തിനെതിരായ പ്രതിഷേധത്തെ തള്ളി മന്ത്രി ഇപി ജയരാജന്‍. ആലപ്പാട്ടെ സമരം എന്തിനെന്ന് അറിയില്ലെന്നും ഖനനം നിര്‍ത്താന്‍ പോകുന്നില്ലെന്നും വ്യവസായ മന്ത്രി അഭിപ്രായപ്പെട്ടു.

ആലപ്പാട്ടുകാര്‍ ആരും സമരത്തിനില്ല. ഖനനം നിര്‍ത്തില്ല. ആലപ്പാടുമായി ബന്ധപ്പെട്ട് പരാതിയൊന്നും കിട്ടിയിട്ടില്ല. മലപ്പുറത്തുകാരാണു സമരം നടത്തുന്നതെന്നു പറഞ്ഞത് ഒരു പ്രയോഗം മാത്രമാണ്. സമരത്തിന്റെ പേരില്‍ ഇടതുപാര്‍ട്ടികള്‍ തമ്മില്‍ ഭിന്നതയില്ലെന്നും ജയരാജന്‍ വിശദീകരിച്ചു.

കഴിഞ്ഞദിവസവും ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരത്തെ തള്ളി മന്ത്രി രംഗത്തെത്തിയിരുന്നു. ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുള്ളവരെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല സൂനാമിയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം, ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരല്ലെന്നു പ്രസ്താവിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. ഇപി ജയരാജന്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണമെന്നും കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Exit mobile version