നിയമസഭയിലും കാണണം ഈ മിടുക്ക്; പ്രകടനങ്ങള്‍ വാട്‌സ്ആപ്പില്‍ മാത്രം പോര; വിടി ബല്‍റാമിനെതിരെ വീണ്ടും വാളെടുത്ത് മുല്ലപ്പള്ളി

വിടി ബല്‍റാമിനേക്കാളും പുരോഗമനവാദികളാണ് താന്‍ ഉള്‍പ്പെടെയുള്ളവരെന്നും മുല്ലപ്പള്ളി.

പാലക്കാട്: വീണ്ടും കോണ്‍ഗ്രസിലെ യുവ എംഎല്‍എമ്മാര്‍ക്കെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രകടനങ്ങള്‍ വാട്‌സാപ്പില്‍ മാത്രം പോരെന്നും നിയമസഭയില്‍ മുഖ്യമന്ത്രിയെക്കൊണ്ട് കണക്ക് പറയിപ്പിക്കുന്നതിലും വേണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാലക്കാട് നടന്ന കോണ്‍ഗ്രസ് നേതൃസംഗമത്തിലായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നതായിരുന്നു നെഹ്‌റുവടക്കമുള്ളവരുടെ നിലപാടെന്നെന്നും വിടി ബല്‍റാമിനേക്കാളും പുരോഗമനവാദികളാണ് താന്‍ ഉള്‍പ്പെടെയുള്ളവരെന്നും മുല്ലപ്പള്ളി പറഞ്ഞു.

താന്‍ അമ്പലത്തിലോ പള്ളിയിലോ ഗുരുദ്വാരയിലോ പോവില്ലെന്നും വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ താനുണ്ടാവുമെന്ന് നെഹ്‌റുവിന്റെ വാക്കുകള്‍ പറഞ്ഞുകൊണ്ടായിരുന്നു ബല്‍റാമിനെതിരെ വിമര്‍ശനമുന്നയിച്ചത്.

ബല്‍റാമിന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. എംഎല്‍എ ആയതു കൊണ്ടാണ് ഇടക്കിടെ പേര് വിളിക്കുന്നതും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ശബരിമലയില്‍ പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തില്‍, കരുതിക്കൂട്ടി കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്ന് മുല്ലപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഈശ്വരവിശ്വാസികളായ ഭക്തര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കരുക്കളാകരുത്. കോണ്‍ഗ്രസിന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. അന്ത്യംവരെ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

Exit mobile version