സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് കോളേജില്‍ എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് അയിത്തമോ..! പന്തളം എന്‍എസ്എസ് കോളേജിലെ ഉദ്യോഗസ്ഥ നിയമനത്തില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട: പന്തളം എന്‍എസ്എസ് കോളേജിലെ ഉദ്യോഗസ്ഥ നിയമനത്തിന്റെ ക്രമക്കേടുകള്‍ പുറത്ത്. 102 അധ്യാപകരും 43 അനധ്യാപകരുമടക്കം 145 ജീവനക്കാര്‍ ജോലിചെയ്യുന്ന കോളേജില്‍ ഒരു ദളിതനെപ്പോലും നിയമിച്ചിട്ടില്ലെന്ന് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു.

ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് കോളേജിലെ ക്രമക്കേട് പുറത്തു കൊണ്ടു വന്നത് ദളിത് ആക്ടിവിസ്റ്റ് ഒപി രവീന്ദ്രന്‍ നല്‍കിയ വിവരാവകാശത്തിലാണ്. എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ട ആരും ഈ കോളേജില്‍ ജോലി ചെയ്യുന്നില്ലെന്ന കാര്യം വിവരാവകാശരേഖയില്‍ വ്യക്തമാണ്.

എസ്‌സി വിഭാഗത്തിന് 15 ശതമാനവും എസ്ടി വിഭാഗത്തിന് 7.5 ശതമാനവും നിയമനങ്ങളില്‍ സംവരണം നല്‍കണമെന്നാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെ കാറ്റില്‍പ്പറത്തിയാണ് പന്തളം എന്‍എസ്എസ് കോളേജിലെ നിയമനം.

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 15(4) 16(4) 46, 253 പട്ടികജാതി/വര്‍ഗ്ഗങ്ങളുടെ പ്രത്യേക അവകാശങ്ങളുടെ അടിസ്ഥാനത്തിലാണ് സാമൂഹ്യനീതി നടപ്പാക്കുന്നതിനായുള്ള യുജിസിയുടെ ഈ നിര്‍ദ്ദേശങ്ങള്‍.

 

Exit mobile version