‘ദി കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കേണ്ടെന്ന് താമരശ്ശേരി രൂപത; തിരഞ്ഞെടുപ്പിന് ശേഷം പ്രദർശിപ്പിച്ചേക്കും

കോഴിക്കോട്: ‘ദി കേരള സ്റ്റോറി’ ഇന്ന് പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിൻവാങ്ങി താമരശേരി രൂപത. രൂപതയ്ക്കു കീഴിലെ 120 കെസിവൈഎം യൂണിറ്റുകളിൽ ശനിയാഴ്ച വൈകുന്നേരത്തോടെ സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിന് മുൻപ് സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചർച്ചകളിൽനിന്നും വിട്ടുനിൽക്കാമെന്നുമാണ് നിലവിലെ രൂപതയുടെ തീരുമാനം.

താമരശ്ശേരി രൂപത ബിഷപ്പ് ഇതുസംബന്ധിച്ച നിർദേശം കെസിവൈഎമ്മിന് നൽകിയെന്നാണ് വിവരം. ചിത്രം പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വിവിധകോണുകളിൽ നിന്നും രൂക്ഷവിമർശനം ഉയർന്നിരുന്നു. എന്നാൽ പ്രണയക്കെണിയെ കുറിച്ച് യുവതലമുറയ്ക്ക് അറിവ് നൽകാനാണ് സിനിമാപ്രദർശനം എന്ന ലനിലപാടിലായിരുന്നു താമരശേരി രൂപത.

ALSO READ- വിഷുവിന് ചുട്ടുപൊള്ളും! പതിനൊന്ന് ജില്ലകളിൽ താപനില ഇനിയും ഉയരും; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശനിയാഴ്ച വൈകീട്ട് കെസിവൈഎം എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ചേരുന്നുണ്ട്. ചിത്രം എന്ന് പ്രദർശിപ്പിക്കണം എന്നതടക്കമുള്ള തീരുമാനം യോഗത്തിൽ ഉണ്ടാകുമെന്നാണ് ഭാരവാഹികൾ അറിയിക്കുന്നത്.

ഇടുക്കി രൂപതയും തലശ്ശേരി രൂപതയ്ക്ക് കീഴിലെ ചില യൂണിറ്റുകളിലും നേരത്തെ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി സൺഡേ സ്‌കൂളുകളിലായിരുന്നു ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചത്.

Exit mobile version