ബാലക ധര്‍മശാസ്താ ക്ഷേത്രത്തിലെ ‘തിരുമക്കള്‍’ മീനിനെ പിടിച്ച് കറിവച്ചു: മൂന്ന് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

കൊല്ലം: കുളത്തുപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിലെ ‘തിരുമക്കള്‍’ എന്നറിയപ്പെടുന്ന മീനുകളെ പിടികൂടി പാചകം ചെയ്ത മൂന്ന് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. പശ്ചിമബംഗാളുകാരായ യുവാക്കളാണ് പിടിയിലായത്. തിരുമക്കളെ കാണുന്നതിനും മീനൂട്ട് വഴിപാടു നടത്തുന്നതിനുമായി നിരവധി വിശ്വാസികളെത്തുന്ന ക്ഷേത്രമാണിത്.

മേടവിഷു ഉത്സവത്തിന്റെ ഭാഗമായി പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലം വാടകയ്ക്ക് എടുത്തു കച്ചവടം നടത്തുന്നവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവര്‍ കല്ലടയാറ്റില്‍ നിന്ന് മീനുകളെ പിടിക്കാറുണ്ടായിരുന്നു. ഇതിനിടെയാണ് ക്ഷേത്രത്തിന് സമീപത്തു നിന്ന് തിരുമക്കള്‍ എന്നറിയപ്പെടുന്ന മീനുകളെയും പ്രതികള്‍ പിടികൂടിയത്.

മീനിനെ കറി വയ്ക്കുന്നത് കണ്ട ഭക്തന്‍ ഈ കാര്യം ക്ഷേത്രത്തില്‍ അറിയിക്കുകയായിരുന്നു. പശ്ചിമബംഗാളുകാരായ 19 വയസുള്ള സാഫില്‍, 23 വയസുള്ള ബസരി, ഇവരോടൊപ്പം ഉണ്ടായിരുന്ന പതിനേഴുകാരന്‍ എന്നിവരെയാണ് കുളത്തുപ്പുഴ പോലീസ് പിടികൂടിയത്. മീനിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണിലും പകര്‍ത്തിയിരുന്നു.

Exit mobile version