‘ആടുജീവിതം’ സ്‌നേഹ ശില്പം നജീബിന്റെ വീട്ടിലെത്തി സമ്മാനിച്ച് ഡാവിഞ്ചി സുരേഷ്

ആലപ്പുഴ: നജീബിന്റെ ജീവിതം പറയുന്ന ആടുജീവിതം തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പൃഥ്വിരാജിനെ നജീബാക്കി ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്തത്. പൃഥ്വി സ്‌ക്രീനില്‍ നജീബായി ജീവിക്കുകയായിരുന്നെന്നാണ് ആരാധക ലോകത്തിന്റെ പ്രതികരണം.

ബെന്യാമിനാണ് നജീബിന്റെ പ്രവാസ ലോകത്തെ ദുരിത ജീവിതം ആടുജീവിതം എന്ന നോവലാക്കിയത്. ഇപ്പോഴിതാ ആടുജീവിതം സിനിമയായപ്പോള്‍ എന്നെന്നും ഓര്‍മിക്കാന്‍ ഒരു സ്‌നേഹ ശില്പമൊരുക്കിയിരുന്നു പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. ആടുജീവിതത്തില്‍ നിന്ന് പ്രചോദനം കൊണ്ട് ഡാവിഞ്ചി നിര്‍മ്മിച്ച ഒറിജിനല്‍ നജീബിന്റെ ശില്‍പം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുന്‍പേ നിര്‍മ്മിച്ച ശില്‍പം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ ആ ശില്പം നജീബിന്റെ വീട്ടിലെത്തി സമ്മാനിച്ചിരിക്കുകയാണ് ഡാവിഞ്ചി. ആലപ്പുഴ ആറാട്ടുപുഴയിലെ നജീബ് എന്ന ഷുക്കൂറിന്റെ വീട്ടില്‍ വെച്ചാണ് ഡാവിഞ്ചി സുരേഷ് സ്‌നേഹ ശില്പം സമ്മാനിച്ചത്. ശില്പത്തിനൊപ്പം കലാകാരന്മാരുടെ കൂട്ടായ്മയായ എക്സോട്ടിക് ഡ്രീംസി ലെ അംഗങ്ങള്‍ വരച്ച ചിത്രങ്ങളും നജീബിന് സമ്മാനിച്ചു. ഇരുമ്പ് കമ്പികളും തകിട് ഷീറ്റുകളും ഫൈബര്‍ മെറ്റീരിയലും ഉപയോഗിച്ച ഈ ശില്‍പത്തിന്റെ ഉയരം നാലടിയോളമുണ്ട് എന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു. നജീബിന് ഇത് സമ്മാനിക്കുമെന്നും മുന്‍പേ ഡാവിഞ്ചി പറഞ്ഞിരുന്നു.

ആടുജീവിതം നോവലിന്റെ കവര്‍ പേജിലെ ചിത്രമാണ് ശില്പത്തിന്റെ ഡിസൈനിന് പ്രചോദനമായത്. കഴുത്തില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന നജീബിന്റെ തലയും ബുക്കിന്റെ ഉള്ളില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്ന വെള്ളിത്തിരയില്‍ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ മുഖവും ശില്പത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version