കണ്ണിൽ മുളകുപൊടി വീണിട്ടും സഫിയത്ത വിട്ടില്ല; പത്ത് മിനിറ്റ് മൽപ്പിടുത്തത്തിൽ ചെറുത്ത് നിന്നു കള്ളനെ തുരത്തി; ധൈര്യത്തിന് കൈയ്യടിച്ച് നാട്ടുകാർ

കോഴിക്കോട്: നോമ്പ് എടുക്കുന്നതിന്റെ ഭാഗമായി പുലർച്ചെ ഭക്ഷണം കഴിക്കാൻ എണീറ്റ വീട്ടമ്മയ്ക്ക് നേരെ കള്ളൻ നടത്തിയ ആക്രമണത്തെ ചെറുത്ത് കള്ളനെ തുരത്തിയ വീട്ടമ്മയ്ക്ക് അഭിനന്ദനം. കോഴിക്കോട് മുക്കം വല്ലത്തായിലാണ് കണ്ണിൽ മുളക് പൊടി എറിഞ്ഞുള്ള മോഷണശ്രമത്തെ വീട്ടമ്മ പരാജയപ്പെടുത്തിയത്.വല്ലത്തായി പാറ കാവുങ്ങൽ അസീസിന്റെ ഭാര്യ സഫിയയാണ് സ്വന്തം സ്വർണമാല സംരക്ഷിച്ച് കള്ളനെ ഓടിച്ച് നാട്ടിലെ താരമായത്.

പുലർച്ചെ അസീസിന്റെ കുടുംബം ഭക്ഷണം കഴിക്കാനായി എഴുന്നേറ്റപ്പോഴാണ് മോഷണ ശ്രമം ഉണ്ടായത്. അസീസിന്റെ ഭാര്യ സഫിയ അടുക്കള വാതിൽ തുറന്നപ്പോൾ സമീപത്ത് ഒളിച്ചിരുന്ന കള്ളൻ രണ്ടു തവണ കണ്ണിലേക്ക് മുളക് പൊടി വിതറി കഴുത്തിൽ കിടന്ന മാല കവരാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിനെ ചെറുത്ത സഫിയ കള്ളനുമായി പത്തുമിനിറ്റോളം മൽപ്പിടുത്തം നടത്തി.

സഫിയ ബഹളം വെച്ചതോടെ മോഷണം ശ്രമം ഉപേക്ഷിച്ച് കള്ളൻ ഓടി രക്ഷപ്പെട്ടു. കള്ളനുമായുളള മൽപ്പിടിത്തതിനിടെ സഫിയയുടെ നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ- ബൈക്കിലെത്തി ബോബ് നിർമ്മാണം; സ്‌ഫോടനത്തിൽ കൈപ്പത്തിയറ്റു; ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക്; കൗമാരക്കാരുടെ ബോബ് നിർമാണം പോലീസിനെ ആക്രമിക്കാൻ?

പ്രദേശത്ത് ഇതിനു മുമ്പും സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്. ഇവരുടെ അയൽക്കാരായ തൊട്ടിയിൽ സൗദയുടെ 2 പവന്റെ മാലയും അമ്മയുടെ ഒന്നര പവന്റെ മാലയും മുളക് പൊടി വിതറി മോഷ്ടിച്ചിരുന്നു.

Exit mobile version