കാത്തിരുന്ന ദൃശ്യവിസ്മയം; പൃഥ്വിരാജ്-ബെസ്ലി ചിത്രം ആടുജീവിതം ഇന്ന് തിയ്യേറ്ററില്‍

കൊച്ചി: പ്രഖ്യാപനം മുതല്‍ മലയാളികള്‍ കാത്തിരിക്കുന്ന ചിത്രം ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന തിയേറ്ററുകളുടെ ലിസ്റ്റുകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 300 ല്‍ അധികം തിയേറ്ററുകളില്‍ ചിത്രം ഇന്ന് റിലീസ് ചെയ്യും. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

ഇതിനകം കേരളത്തില്‍ നിന്ന് മാത്രമായി അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ റിലീസ് അടുത്ത് നില്‍ക്കുന്ന ഈ മണിക്കൂറിലെ അഡ്വാന്‍സ് ബുക്കിങ്ങും കൂടി നോക്കുമ്പോള്‍ പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ് തന്നെയായിരിക്കും ആടുജീവിതത്തിന് ലഭിക്കുന്നത് എന്ന് ഉറപ്പാണ്.

ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും ‘ആടുജീവിത’ത്തിന്റെ പ്രത്യേകതകളാണ്. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലാണ് ബ്ലെസി സിനിമയാക്കിയിരിക്കുന്നത്. നജീബായുള്ള പൃഥ്വിയുടെ പകര്‍ന്നാട്ടമാണ് ചിത്രത്തിലുള്ളത്.

Exit mobile version