കോഴിക്കോടെത്തുന്ന സ്ത്രീകള്‍ക്കായി കുറഞ്ഞ ചെലവില്‍ താമസവും ഭക്ഷണവുമൊരുക്കി ഷീ ലോഡ്ജ്

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെത്തുന്ന വനിതകള്‍ക്ക് ഇനി താമസസ്ഥലം തേടി അലയേണ്ട. കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാന്‍ കോര്‍പ്പറേഷന്റെ ഷീ ലോഡ്ജുണ്ട്. റെയില്‍വേ സ്റ്റേഷന് സമീപത്തു നിര്‍മിച്ച ഷീ ലോഡ്ജിനൊപ്പം മാങ്കാവിലെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലും ഇന്ന് പ്രവര്‍ത്തനമാരംഭിക്കും.

റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡിലെ കോര്‍പ്പറേഷന് കീഴിലുള്ള ഷീ ലോഡ്ജ് കെട്ടിടത്തില്‍ ഡോര്‍മെറ്ററി മുതല്‍ എ.സി ഡീലക്‌സ് വരെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നൂറുപേര്‍ക്ക് താമസിക്കാന്‍ പറ്റുന്നതാണ് കെട്ടിടം. ദിവസേന 100 രൂപ മുതല്‍ 2250 രൂപ വരെയുള്ള വിവിധ നിരക്കുകളില്‍ മുറികള്‍ ലഭ്യമാണ്.

താമസത്തിനെത്തുന്നവര്‍ക്ക് മിതമായ നിരക്ക് ഈടാക്കി ഭക്ഷണം കൂടി ലഭ്യമാക്കുന്നതിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് സീല്‍ഡ് ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ട് തിരഞ്ഞെടുത്തിട്ടുള്ള ഷീ വേള്‍ഡിനാണ് നടത്തിപ്പ് ചുമതല. ഷീ ലോഡ്ജിനെ കൂടാതെ മാങ്കാവ് ഹൈമാവതി തായാട്ട് സ്മാരക വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലും ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും.

Exit mobile version