‘പ്രേമലു’ കണ്ടത് 14 തവണ; ആരാധികയ്ക്ക് ഞെട്ടിപ്പിക്കുന്ന സമ്മാനം നല്‍കി ഭാവന സ്റ്റുഡിയോസ്

കൊല്ലം: മലയാള സിനിമാ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് നസ്ലിനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം പ്രേമലു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’ മലയാളത്തിലും തമിഴിലും തെലുങ്കിലും തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴും തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ചിത്രം.

അതേസമയം, ചിത്രം 14 തവണ കണ്ട ആരാധികയ്ക്ക് ഗംഭീര സമ്മാനം നല്‍കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കൊല്ലം സ്വദേശിയായ ആര്യ ആര്‍ കുമാറാണ് ചിത്രം 14 തവണ കണ്ടത്. ഭാവന സ്റ്റുഡിയോസിന്റെ ഒഫിഷ്യല്‍ ഇന്‍സ്റ്റാഗ്രാം പേജ് വഴി പ്രേമലു തെലുങ്ക് റിലീസ് അനൗണ്‍സ് ചെയ്ത പോസ്റ്റിന് താഴെ ഇക്കാര്യം ആര്യ കമന്റ് ചെയ്യുകയുമുണ്ടായി. പിന്നാലെ ടിക്കറ്റില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും തിയേറ്ററില്‍ നിന്ന് പ്രേമലു കാണുവാനുള്ള സൗകര്യമൊരുക്കി പ്രേമലു ടോപ് ഫാന്‍ പാസ് അണിയറപ്രവര്‍ത്തകര്‍ നല്‍കുകയായിരുന്നു.

ഭാവന സ്റ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തിയാണ് ആര്യയ്ക്ക് പാസ് കൈമാറിയത്. പിന്നാലെ ‘താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാന്‍ പ്രേമലു കണ്ട് കണ്ട് മരിക്കും’ എന്ന കുറിപ്പോടെ പാസ് ലഭിച്ചതിന്റെ സന്തോഷം ആര്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത പ്രേമലു നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ ഇതുവരെ കേരളത്തില്‍ നിന്ന് മാത്രം 45 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. സിനിമ അടുത്ത ദിവസങ്ങളില്‍ തന്നെ കേരളത്തില്‍ നിന്ന് മാത്രം 50 കോടി കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

Exit mobile version