100 കോടി കിലുക്കവുമായി തിയേറ്റർ വിടാൻ ‘പ്രേമലു’! ഇനി ഒടിടിയിൽ പൊട്ടിച്ചിരി ഒരുക്കും; റിലീസ് തീയതി പ്രഖ്യാപിച്ചു

കേരളത്തിന് അകത്തും പുറത്തും തീയേറ്ററിൽ തരംഗം സൃഷ്ടിച്ച യുവതാരങ്ങളുടെ ‘പ്രേമലു’ ഇനി ഒടിടിയിലേക്ക്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം 100 കോടിയിലേറെ തിയേറ്ററിൽ നിന്നും കളക്ട് ചെയ്തതിന് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്. തെലുങ്കിലും തമിഴിലും റിലീസ് ചെയ്ത ചിത്രത്തിന് വലിയ കളക്ഷൻ ലഭിക്കുന്നതിനിടെയാണ് നിർമ്മാതാക്കളുടെ പ്രഖ്യാപനം.

‘പ്രേമലു’ ഏപ്രിൽ 12-ന് ഹാട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെയാണ് റിലീസിനെക്കുറിച്ച് അറിയിച്ചത്. നസ്ലിനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലു തെലുങ്കിലെത്തിച്ചത്. ഡിഎംകെ നേതാവും അഭിനേതാവും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയേറ്ററിക്കൽ റിലീസ് റൈറ്റ്‌സ് സ്വന്തമാക്കിയത്. റെഡ് ജയന്റ് മൂവീസ് ഇതാദ്യമായാണ് ഒരു മലയാളചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ വിതരണം ഏറ്റെടുത്തത്.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Exit mobile version