കൂടെയുള്ളത് മാതാപിതാക്കള്‍ തന്നെ: പേട്ടയിലെ രണ്ടു വയസ്സുകാരിയുടെ ഡിഎന്‍എ പരിശോധന ഫലം പുറത്ത്; കുഞ്ഞിനെ നാളെ കൈമാറും

തിരുവനന്തപുരം: പേട്ടയില്‍ നാടോടി ദമ്പതികളുടെ രണ്ടു വയസ്സുകാരിയായ കുഞ്ഞിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ ഡിഎന്‍എ പരിശോധന ഫലം വന്നു. കുട്ടി ബിഹാര്‍ സ്വദേശിയുടേത് തന്നെയെന്നാണ് പരിശോധനാ ഫലം.

കൂടെയുള്ളത് മാതാപിതാക്കള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ കുട്ടിയെ വിട്ടുനല്‍കുന്നതിന് തടസ്സങ്ങളില്ലെന്ന് പോലീസ് വ്യക്തമാക്കി. നാളെ തന്നെ കുട്ടിയെ വിട്ടുകൊടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നും പോലീസ് അറിയിച്ചു. കുട്ടി ഇപ്പോള്‍ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. ശിശുക്ഷേമ സമിതിക്ക് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസനെ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം നാവായിക്കുളത്താണ് പ്രതി ഹസന്‍ താമസിക്കുന്നത്. പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

ജയിലില്‍ നിന്നിറങ്ങി രണ്ടാം ദിനമാണ് ഇയാള്‍ പേട്ടയില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്റെ ബോധം മറഞ്ഞതോടെ കുഞ്ഞിനെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

പോക്സോ കേസടക്കം എട്ട് കേസുകളിലെ പ്രതിയാണ് ഹസന്‍. സ്ഥിരം കുറ്റവാളിയായ ഇയാള്‍ക്ക് പ്രത്യേകം മേല്‍വിലാസമില്ലെന്നാണ് കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞത്. ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന കുട്ടിയെ കാണാതായത്.

കുട്ടിയെ ലൈംഗികമായി ഉപയോഗിക്കലായിരുന്നു ലക്ഷ്യമെന്നാണ് പ്രതിയായ ഹസ്സന്‍കുട്ടിയുടെ മൊഴി. കുട്ടികരഞ്ഞപ്പോള്‍ വായ പൊത്തിപിടിച്ചുവെന്നും കുട്ടിയുടെ ബോധം പോയപ്പോള്‍ മരിച്ചുവെന്ന് കരുതി കുട്ടിയെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതി പറഞ്ഞത്. ബ്രഹ്‌മോസിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്കെത്താന്‍ പോലീസിനെ സഹായിച്ചത്.

Exit mobile version