തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടി പോയ ഹനുമാന്‍ കുരങ്ങ് പ്രസവിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മുമ്പ് ചാടി പോയ ഹനുമാന്‍ കുരങ്ങ് പ്രസവിച്ചു. ഇന്ന് രാവിലെയാണ് കുരങ്ങ് പ്രസവിച്ചത്. പിടികൂടിയ ശേഷം ഇണക്കുരങ്ങിനൊപ്പം പ്രത്യേക കൂട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ഹനുമാന്‍ കുരങ്ങിനെ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവന്നത്. ഇവിടേക്ക് എത്തിച്ചതിന് ശേഷം മൂന്ന് വട്ടമാണ് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്.

കഴിഞ്ഞ ജൂണിലാണ് മൃഗശാല കീപ്പര്‍മാരെ കബളിപ്പിച്ച് കുരങ്ങ് ചാടിപ്പോയത്. കൂട്ടിലേക്ക് മാറ്റുന്നതിന് ഇടയില്‍ കുരങ്ങ് അപ്രതീക്ഷിതമായി ചാടിപ്പോവുകയായിരുന്നു. നഗരം മുഴുവന്‍ കറങ്ങി നടന്ന കുരങ്ങ് ഇരുപത്തിനാലാം ദിവസമാണ് പിടിയിലായത്. പാളയം ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശുചിമുറിയില്‍ നിന്നാണ് കുരങ്ങിനെ കണ്ടെത്തിയത്.

Exit mobile version