സിദ്ധാർത്ഥിനെ മൂന്നുദിവസം മർദ്ദിച്ചെന്നത് തെറ്റ്; പട്ടിണിക്കിട്ടിട്ടില്ല, ഭക്ഷണം നൽകിയത് കഴിച്ചില്ല; കള്ളങ്ങൾ പൊട്ടിമുളച്ചതെങ്ങനെ എന്നറിയില്ല: ഒരു കൂട്ടം വിദ്യാർത്ഥികൾ

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് വിദ്യാർത്ഥികൾ. ഹോസ്റ്റൽ അന്തേവാസികളായ ചില വിദ്യാർത്ഥികളാണ് ശനിയാഴ്ച പ്രതികരണം നടത്തി രംഗത്തെത്തിയത്. സിദ്ധാർത്ഥനെ ഹോസ്റ്റലിൽവെച്ച് മർദിച്ചിട്ടുണ്ടെന്നും എന്നാൽ മൂന്നുദിവസം മർഡ്ഡിച്ചെന്നത് തെറ്റാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

മരണത്തിന്റെ ഞെട്ടൽ കാരണമാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. സിദ്ധാർത്ഥിന് ഭക്ഷണംപോലും നൽകിയില്ലെന്ന ആരോപണം തെറ്റാണെന്നും വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു.

‘മർദനം നേരിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. എന്നാൽ, മൂന്നുദിവസത്തെ മർദനമൊന്നും അവന് നേരിട്ടിട്ടില്ല. മൂന്നുദിവസം പട്ടിണിക്കിട്ടു, ക്രൂരമായി മർദിച്ചു എന്നതൊന്നും നടന്നിട്ടില്ല. ഇങ്ങനെ കള്ളങ്ങൾ പൊട്ടിമുളയ്ക്കുന്നത് എങ്ങനെയാണെന്ന് പോലും അറിയില്ല.’

‘മർദിച്ചില്ലെന്ന് പറയുന്നില്ല. പക്ഷേ, മൂന്നുദിവസമായി മർദിച്ചിട്ടില്ല. ഹോസ്റ്റൽ സെക്രട്ടറിയും മെസ്സിലെ കുക്കും ഭക്ഷണം അവന്റെ മുറിയിൽ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അവൻ കഴിച്ചിട്ടില്ല.’- വിദ്യാർത്ഥികൾ പറയുന്നു.

ALSO READ- കാക്കിയണിഞ്ഞത് അമ്മാവന്റെ കൈപിടിച്ച്, വിരമിച്ചപ്പോൾ കൂട്ടാനെത്തിയതും അതേ അമ്മാവൻ; അപൂർവ്വതയ്ക്ക് വേദിയായി കളമശേരി എആർ ക്യാംപ്

ഹോസ്റ്റലിൽ വെച്ച് ഒച്ചയും ബഹളവും കേട്ടിരുന്നോ എന്ന് ചോദിച്ചാൽ ഹോസ്റ്റലിൽ എപ്പോഴും പാട്ടും ബഹളവുമാണ്. എല്ലാവരും ഉറങ്ങുമ്പോൾ വൈകും. അതുകൊണ്ട് അതൊന്നും ശ്രദ്ധിക്കാനായില്ല. ഇങ്ങനെയൊരു പ്രശ്നം ഇവിടെ മുൻപ് ഉണ്ടായിട്ടില്ല. സീനിയർ-ജൂനിയർ റാഗിങ്ങിന്റെ പ്രശ്നവും മുൻപ് നടന്നിട്ടില്ല. സീനിയർ-ജൂനിയർ ബന്ധം ഭയങ്കര കമ്പനിയാണെന്നും സിദ്ധാർത്ഥിൻരെ സഹപാഠികൾ കൂടിയായ വിദ്യാർത്ഥികൾ പറഞ്ഞു.


അതേസമയം, വെറ്ററിനറി കോളേജ് ഹോസ്റ്റൽ, കോളേജിനു സമീപത്തുള്ള കുന്ന്, ഹോസ്റ്റലിന്റെ നടുമുറ്റം, ഡോർമെറ്ററി തുടങ്ങിയ വിവിധ ഇടങ്ങളിൽ നാലു സ്ഥലങ്ങളിൽ വെച്ചാണ് സിദ്ധാർഥനെ ക്രൂരമായി മർദിച്ചതെന്നാണ് കോളേജിലെ റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തൽ.

സിദ്ധാർത്ഥിന് ബെൽറ്റുകൊണ്ട് ഒട്ടേറെത്തവണ മർദ്ദനമേറ്റു. ചവിട്ടി താഴെയിട്ടു. ഡോർമെറ്ററിയിലെ കട്ടിലിൽ ഇരുന്നപ്പോൾ അവിടെ വെച്ചും മർദിച്ചെന്നും കണ്ടെത്തലിൽ ഉണ്ട്.

Exit mobile version