പുസ്തകം വിറ്റ് ലഭിച്ച രണ്ട് ലക്ഷം രൂപ പെൺകുട്ടികളുടെ വിവാഹത്തിന് സമ്മാനിച്ച് രചയിതാവ്; പെരുമ്പടപ്പിലെ റംഷാദിന്റെ നന്മയ്ക്ക് കൈയ്യടി

എരമംഗലം: നിർധനരായ രണ്ട് പെൺകുട്ടികളുടെ വിവാഹത്തിന് സമ്മാനമായി പണെ നൽകി എഴുത്തുകാരന്റെ മാതൃക. സ്വന്തം കൃതി വിറ്റുകിട്ടിയ 2.32 ലക്ഷം രൂപയാണ് കമ്പ്യൂട്ടർ അധ്യാപകനും മോട്ടിവേറ്ററുമായ പെരുമ്പടപ്പ് സൈബർ മീഡിയ ഉടമ റംഷാദ് സൈബർ മീഡിയ സമ്മാനമായി നൽകിയത്.

‘അൽഫിയ എന്ന പെൺകുട്ടി’ എന്ന റംഷാദിന്റെ പുസ്തകം വിറ്റുലഭിച്ച തുകയാണ് പെൺകുട്ടികൾക്കായി നൽകിയത്. ഈ ഉദ്യമത്തിന് സുഹൃത്തുക്കളുൾപ്പടെയുള്ളവർ കൂടെ നിന്നപ്പോൾ വലിയ വിജയമായി തീരുകയായിരുന്നു.

സൈബർമീഡിയ അക്കാദമിയിലെ അധ്യാപകരും വിദ്യാർഥികളും, സോനാരെ വാട്സ്ആപ്പ് കൂട്ടായ്മ, കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ്, ഇ. മൊയ്തു മൗലവി ചാരിറ്റബിൾ സൊസൈറ്റി, ഖുർആൻ ഓൺലൈൻ സ്റ്റഡി ഗ്രൂപ്പ്, ടീം ഇ.ആർ.എം. തുടങ്ങിയ സന്നദ്ധ സംഘടനകളുമാണ് പുസ്തക വിൽപനയ്ക്ക് സഹായം നൽകിയത്. റംഷാദിന്റെ സുഹൃത്ത് സാബിർ ചങ്ങനാത്താണ് പുസ്തകവില്പനയ്ക്കും തുക സമാഹരണത്തിനും നേതൃത്വംനൽകിയത്.

ALSO READ-വിരാടിന്റെയും അനുഷ്‌കയുടെയും പൊന്നോമനയ്ക്ക് പേര് ‘അകായ്’; അർത്ഥം തേടി ആരാധകരും

2022 ഡിസംബറിൽ പ്രകാശനം ചെയ്തതാണ് ഈ പുസ്തകം. മൂന്നുഘട്ടങ്ങളിലായി സുഹൃത്തുക്കൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെ 1100 പുസ്തകങ്ങൾ വായനക്കാരിലെത്തിക്കാനായി. ഇതിലൂടെയാണ് 2,32,000 രൂപ സമാഹരിച്ചത്.

Exit mobile version