അച്ഛനും സഹോദരിയും പോയി; ജീവിതം അവസാനിപ്പിക്കാൻ ട്രെയിനിന് മുന്നിലേക്ക് പാഞ്ഞ് 18കാരൻ; ജീവിതത്തിലേക്ക് കൈപിടിച്ച് പോലീസ്

വടകര: ജീവിതത്തിൽ ഒറ്റപ്പെട്ടെന്ന തോന്നൽ വന്നതോടെ ജീവിതം അവസാനിപ്പിക്കാനായി ട്രെയിനിനു മുൻപിൽ ചാടാൻ ഓടിയ പതിനെട്ടുകാരനെ തടഞ്ഞുനിർത്തി ജീവിതത്തിലേക്ക് കൈപിടിച്ച് പോലീസുകാർ. സമയോചിതമായി ഇടപെട്ട് കൗമാരക്കാരന്റെ ജീവൻ സാഹസികമായി രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകർ അഭിനന്ദന പാർട്ടിയും ഒരുക്കി. ബുധനാഴ്ച കോഴിക്കോട് ചോമ്പാൽ പോലീസ് സ്റ്റേഷനിലാണ് പോലീസുകാരെ അഭിനന്ദിച്ചത്. എസ്‌ഐ എം പ്രശോദ്, എസ്സിപിഒമാരായ പി ടി സജിത്ത്, ടി ചിത്രദാസ് എന്നിവരാണ് പതിനെട്ടുകാരനെ രക്ഷിച്ചത്.

നേരത്തെ അച്ഛൻ മരണപ്പെട്ട 18കാരന് കൂട്ട് സഹോദരിയായിരുന്നു. രണ്ടുദിവസം മുൻപ് സഹോദരിയും മരണപ്പെട്ടതോടെ ഒറ്റപ്പെടൽ അനുഭവിച്ച പ്ലസ്ടു കഴിഞ്ഞ 18കാരനെ കാണാതാവുകയായിരുന്നു. ഇയാളുടെ പിതാവ് മരിച്ച് ഒരു വർഷം കഴിയുമ്പോഴാണ് സഹോദരിയും മരിച്ചത്. തുടർന്ന് കൊയിലാണ്ടി സ്റ്റേഷനിൽ നിന്ന് കിട്ടിയ ട്രെയിനിനു കയറി മാഹിയിൽ വന്നിറങ്ങുകയായിരുന്നു. ഈ സമയത്ത് കൊയിലാണ്ടി സ്റ്റേഷനിൽ നിന്ന് യുവാവിനെ കാണാതായ വിവരവും ചിത്രവും ചോമ്പാൽ സ്റ്റേഷനിൽ എത്തിയിരുന്നു.

തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മാഹി ഭാഗത്താണ് ഇപ്പോഴുള്ളതെന്ന് കാണിച്ചു. ഉടൻ തന്നെ മൂന്നു പൊലീസ് ഉദ്യോഗസ്ഥരും മാഹി റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചു. മാഹി റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവർ സ്റ്റേഷനിലെ പരിചിതർക്ക് യുവാവിന്റെ ചിത്രം കാണിച്ചു. ഈ സമയം മംഗളൂരു – കോയമ്പത്തൂർ ട്രെയിനിന്റെ മുൻപിൽ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്നു യുവാവ്.

ALSO READ- സംസ്ഥാനത്ത് ചൂട് കനക്കും, നാല് ജില്ലകളില്‍ താപനില മുന്നറിയിപ്പ്

ഇക്കാര്യം ശ്രദ്ധയിൽപെട്ട പോലീസ് യുവാവിനു പിന്നാലെ ഓടി. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനായി വിസിലടിച്ചും ബഹളം വച്ചും പോലീസുകാർ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, പോലീസ് ഓടിക്കുന്നവൻ കള്ളനോ കുറ്റവാളിയോ മറ്റോ ആയിരിക്കുമെന്നേ കരുതി ആരും യുവാവിനെ തടയാൻ ധൈര്യപ്പെട്ടില്ല. ഇതിനിടെ റെയിൽവേ ഓവർബ്രിഡ്ജിന്റെ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും യുവാവ് അവരെ ആക്രമിക്കാൻ ശ്രമിച്ചു.

മംഗളൂരു – കോയമ്പത്തൂർ ട്രെയിനിന് മുൻപിൽ ചാടാനായാണ് യുവാവ് ഓടിയതെങ്കിലും ഈ ട്രെയിനിനു മാഹിയിൽ സ്റ്റോപ്പ് ഉണ്ടായത് ഭാഗ്യമായി. ട്രെയിൻ സ്‌റ്റേഷനിൽ എത്തും മുൻപേ യുവാവിനെ ബലം പ്രയോഗിച്ച് ട്രാക്കിൽ നിന്നും മാറ്റാൻ പോലീസിന് സാധിച്ചു.

also read- പത്തനംതിട്ടയിൽ സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണമരണം; കുട്ടികൾ സുരക്ഷിതർ

ട്രെയിൻ സഞ്ചരിച്ചു തുടങ്ങിയാൽ ട്രാക്കിലേക്ക് ചാടാനുള്ള സാധ്യത ഇല്ലാതാക്കി പോലീസ് യുവാവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. തുടർന്ന് വനിതാ സെല്ലിൽ കൗൺസിലിങ്ങിനു വിധേയമാക്കിയാണ് തിരിച്ചയച്ചത്.

Exit mobile version