ആക്രമിച്ചത് കാട്ടാനയായ ബേലൂർ മക്‌ന; മാനന്തവാടിയിൽ ജനകീയ ഹർത്താൽ, നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്: മാനന്തവാടിയിൽ മധ്യവയസ്‌കന്റെ ജീവനെടുത്ത കാട്ടാനയെ തിരിച്ചറിഞ്ഞു. ബേലൂർ മക്‌ന എന്ന പേരിട്ടിരിക്കുന്ന ആനയാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കർണാടക വനംവകുപ്പ് പിടികൂടി കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ബേലൂർ മക്‌ന.

അതേസമയം, മാനന്തവാടിയിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിവരെ ഹർത്താൽ പ്രഖ്യാപിച്ചു. പ്രതിഷേധ സൂചകമായി ജനകീയ ഹർത്താലാണ് ആചരിക്കുന്നത്. ജനരോഷം ശക്തമായതിനെ തുടർന്ന് മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് മാനന്തവാടി നഗസഭയിലെ 4 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

റോഡിൽ പ്രതിഷേധിക്കുന്ന നാട്ടുകാരെ ഇതുവരെ സ്ഥലത്തുനിന്നും ഒഴിപ്പിക്കാനായിട്ടില്ല. പൊതുജനങ്ങളുടെ പ്രതിഷേധം കടുത്തതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മാനന്തവാടി നഗര മധ്യത്തിൽ മരിച്ച അജീഷിന്റെ മൃതദേഹവുമായിട്ടാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകളെല്ലാം ഉപരോധിച്ചു.

also read- തൂത്തുക്കുടിയിലോ നാഗപട്ടണത്തോ മത്സരിക്കും; 2026ല്‍ വിജയ് മുഖ്യമന്ത്രിയാകും; പാര്‍ട്ടി കൊടിയും ചിഹ്നവും ഉടന്‍ പുറത്തുവിടുമെന്ന് വിജയ് മക്കള്‍ ഇയക്കം

കോഴിക്കോട്, മൈസൂരു, തലശ്ശേരി റോഡുകളാണ് പ്രതിഷേധക്കാർ ഉപരോധിക്കുന്നത്. വയനാട് എസ്പിക്ക് നേരെയും വയനാട് കളക്ടർക്ക് നേരേയും പ്രതിഷേധമുയർന്നു. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാർ ആശുപത്രിയിലേക്ക് നടന്നുപോകാനാവശ്യപ്പെട്ടു. കളക്ടറെ മൃഡതദേഹം കാണാൻ അനുവദിക്കുകയും ചെയ്തില്ല.


പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന ഇന്ന് രാവിലെയാണ് ആക്രമണം നടത്തിയത്. കൃഷിയിടത്തിലേക്ക് പോവുകയായിരുന്ന പടമല സ്വദേശി അജീഷ് ആണ് കൊല്ലപ്പെട്ടത്.

Exit mobile version