യാത്രക്കാരെ കാത്ത് 20 മിനിറ്റ് എൻജിൻ ഓഫ് ചെയ്യാതെ ബസ്; ചോദ്യം ചെയ്ത കെഎസ്ആർടിസി മേധാവിയോട് തട്ടിക്കയറി; ഡ്രൈവറെ പിരിച്ചുവിട്ടു, രണ്ട്‌പേർക്കെതിരെ നടപടി

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വെച്ച് യാത്രക്കാരെ കാത്ത് കിടന്ന കെഎസ്ആർടിസി ബസിന്റെ എൻജിൻ 20 മിനിറ്റോളം ഓഫ് ചെയ്യാതെ ഡീസൽ നഷ്ടമുണ്ടാക്കിയ സംഭവത്തിൽ നടപടി.ബസ് ഓടിച്ചിരുന്ന താത്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു. ഒപ്പം ഡീസൽ നഷ്ടമുണ്ടാക്കുന്നത് തടയാതിരുന്ന കണ്ടക്ടറെയും ബസിന്റെ സ്റ്റാർട്ടർ തകരാർ പരിഹരിക്കാതിരുന്നതിന് ചാർജ്മാനേയും സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയിട്ടുണ്ട്.

പാറശ്ശാല ഡിപ്പോയിലെ ഡ്രൈവർ പി ബൈജുവിനെയാണ് പിരിച്ചുവിട്ടത്. കണ്ടക്ടർ രജിത്ത് രവി, പാറശ്ശാല ചാർജ്മാൻ കെ സന്തോഷ് കുമാർ എന്നിവർക്കെതിരെ നടപടിയും സ്വീകരിച്ചു. കഴിഞ്ഞ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലായിരുന്നു സംഭവം.

പ്രതീകാത്മക ചിത്രം

കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഡിപ്പോ പരിശോധനയ്ക്ക് എത്തിയ മയത്താണ് നെയ്യാറ്റിൻകര-കളിയിക്കാവിള ബസ് ബേയിൽ യാത്രക്കാരെ കയറ്റുന്നതിനായി നിർത്തിയിട്ട ബസിന്റെ എൻജിൻ ഓഫ് ചെയ്തിട്ടില്ലെന്ന് കണ്ടത്. തുടർന്ന് ഡ്രൈവറോട് ചോദിച്ചപ്പോൾ ബസിന്റെ സെൽഫ് സ്റ്റാർട്ട് തകരാറാണെന്ന് പറഞ്ഞു.

കെഎസ്ആർടിസി മേധാവിയോട് ഡ്രൈവർ പരുഷമായിട്ടാണ് പ്രതികരിച്ചതെന്നതും സംഭവത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. തുടർന്ന് സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് കെഎസ്ആർടിസി മേധാവി ഉത്തരവിട്ടിരുന്നു.
ALSO READ- നടി സ്വാസിക വിജയ്ക്ക് പ്രണയസാഫല്യം; വിവാഹം ജനുവരിയിൽ തന്നെ; വരനും പ്രേക്ഷകരുടെ പ്രിയതാരം

താത്കാലിക ജീവനക്കാരനായ ഡ്രൈവർ ഡീസൽ പാഴാക്കുന്നത് കണ്ടിട്ടും സ്ഥിര ജീവനക്കാരനായ കണ്ടക്ടർ തടഞ്ഞില്ലെന്ന് കണ്ടെത്തിയതോടെയാണ് കണ്ടക്ടർക്ക് എതിരെ നടപടി എടുത്തത്. ബസിന്റെ തകരാർ സംബന്ധിച്ച് ഡ്രൈവറുടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും പരിഹരിക്കാതിരുന്നതിനാണ് പാറശ്ശാല ഡിപ്പോയിലെ ഗാരേജിന്റെ ചുമതല വഹിച്ചിരുന്ന ചാർജ്മാനെ സസ്‌പെൻഡ് ചെയ്തത്.

കൂടാതെ, ഡീസൽ പാഴാക്കരുതെന്ന സ്ഥാപനത്തിന്റെ നിർദേശം ജീവനക്കാർ ലംഘിച്ചതായും കണ്ടെത്തി. വരുമാനത്തിന്റെ 50 ശതമാനം ഇന്ധനത്തിനുവേണ്ടി ചെലവിടുന്ന സാഹചര്യത്തിൽ ഡീസൽ ദുരുപയോഗം അനുവദിക്കാനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

Exit mobile version