അയ്യപ്പജ്യോതിക്കിടെ പോലീസിനെ ആക്രമിച്ച സംഭവം; ബിജെപി സംസ്ഥാനകമ്മിറ്റി അംഗം മാരുതിയാട്ട് മോഹനന്‍ അറസ്റ്റില്‍

ഡിസംബര്‍ 27 ന് നടത്തിയ പരിപാടിക്കിടെയാണ് വടകരയിലെ സിവില്‍ പോലീസ് ഓഫീസറായ പ്രദീപ് കുമാറിനാണ് മര്‍ദ്ദനമേറ്റത്.

പയ്യോളി: അയ്യപ്പജ്യോതിക്കിടെ പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ മാരുതിയാട്ട് മോഹനന്‍ അറസ്റ്റില്‍. പയ്യോളി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച മുയിപ്പോത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ മോഹനനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശബരിമല യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ടാണ് സംഘപരിവാര്‍ സംഘടനകള്‍ അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. ഡിസംബര്‍ 27 ന് നടത്തിയ പരിപാടിക്കിടെയാണ് വടകരയിലെ സിവില്‍ പോലീസ് ഓഫീസറായ പ്രദീപ് കുമാറിനാണ് മര്‍ദ്ദനമേറ്റത്.

അയനിക്കാട് പള്ളിക്ക് സമീപംവച്ച് അയ്യപ്പ ജ്യോതിക്കിടെ ബൈക്ക് ഓടിച്ച് പോകുമ്പോള്‍ പരിപാടിയില്‍ ഉണ്ടായിരുന്ന ചിലര്‍ മര്‍ദ്ദിച്ചുവെന്ന് പ്രദീപന്‍ പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ കൈയ്യില്‍ ഉണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ചാണ് അടിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി സമീപത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

ബിജെപി പ്രവര്‍ത്തകനായ അയനിക്കാട് രമിലേഷിനെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

Exit mobile version