‘ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷം’: നരേന്ദ്ര മോഡിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായി ശോഭന

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ബിജെപിയുടെ മഹിളാ സമ്മേളനത്തില്‍ നടി ശോഭന പങ്കെടുത്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരിപാടിയില്‍ ശോഭന പ്രധാനമന്ത്രിയെ ഏറെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും ശോഭനയുടെ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.

ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷം എന്നു പറഞ്ഞാണ് ശോഭന മോഡിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷമാണിതെന്നും തൃശൂരില്‍ നടത്തിയ പരിപാടിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ അവസരം ലഭിച്ചെന്നും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശോഭന ഫേസ്ബുക്കില്‍ കുറിച്ചു.

മോഡിയുടെ നേതൃത്വത്തെ താന്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ശോഭന വേദിയില്‍ പറഞ്ഞിരുന്നു. വനിതാ ബില്‍ പാസ്സാക്കിയ മികച്ച നേതൃത്വത്തിന് നന്ദി. സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നതാണ് നമ്മുടെ പാരമ്പര്യമെങ്കിലും പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നതായി കാണാം.

എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിതാ സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. വനിതാ സംവരണ ബില്‍ പാസാക്കിയ പ്രധാനമന്ത്രി മോഡിക്ക് നന്ദി പ്രകാശിപ്പിക്കുന്നു. ഇത്രമാത്രം സ്ത്രീകളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് ആദ്യമായാണെന്നും ശോഭന പറഞ്ഞിരുന്നു.

മറ്റൊന്ന്, ശോഭനയ്‌ക്കൊപ്പം പിടി ഉഷ, മിന്നു മണി, ബീന കണ്ണന്‍ തുടങ്ങി നിരവധി പ്രശസ്ത വനിതകള്‍ പങ്കെടുത്തിരുന്നു. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒന്നര കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാണ് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി മോഡിക്കൊപ്പം പരിപാടിയുടെ വേദിയിലേക്ക് എത്തിയത്. മോഡിക്കൊപ്പം സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവരും റോഡ് ഷോയുടെ ഭാഗമായി വാഹനത്തിലുണ്ടായിരുന്നു.

Exit mobile version