ദേശീയ പണിമുടക്കില്‍ പങ്കാളികളായി തോട്ടം തൊഴിലാളികള്‍; ഒരു ലക്ഷത്തോളം തൊഴിലാളികള്‍ ജോലിക്കെത്തിയില്ല

ഇടുക്കി: ഇടുക്കിയിലെ വിവിധ തോട്ടങ്ങളില്‍ പണിമുടക്കി ഒരു ലക്ഷത്തോളം തൊഴിലാളികളും ദേശീയ പണിമുടക്കിന്റെ ഭാഗമായി. കൂലി വര്‍ധിപ്പിക്കുക, ജോലി സ്ഥിരത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തോട്ടം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തത്.

ഇടുക്കിയിലെ പല മേഖലകളിലെയും തേയില, കാപ്പി, ഏലം, റബ്ബര്‍ തോട്ടങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഒരു വിഭാഗം ജീപ്പ് ഡ്രൈവര്‍മാരും പണിമുടക്കില്‍ പങ്കെടുത്തതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള താത്കാലിക തൊഴിലാളികള്‍ക്കും ജോലിക്കെത്താനാകാതെ പണിമുടക്കിന്റെ ഭാഗമാകേണ്ടി വന്നു.

പണിമുടക്കില്‍ പങ്കെടുക്കാത്തവര്‍ ജോലിക്കെത്തുന്നതില്‍ നിന്നും വിലക്കിയില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ അറിയിച്ചു.
പൊമ്പിളെ ഒരുമൈ സമരത്തിന് ശേഷം തോട്ടം തൊഴിലാളികള്‍ക്ക് കൂലി വര്‍ധിപ്പിച്ചിരുന്നു. അത് കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പിന്നീട് വര്‍ധന വരുത്തിയിട്ടില്ല.

ശമ്പളം കൂട്ടാനായി പിഎല്‍സി യോഗം നിരന്തരം ചേരുന്നുണ്ടെങ്കിലും കൂലിയുടെ കാര്യത്തില്‍ തീരുമാനം ആകുന്നില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നു.

Exit mobile version