‘കൈവശമുണ്ടായിരുന്ന പണം പോലീസ് മോഷ്ടിച്ചു’; ജയിലിൽ നിന്ന് ജഡ്ജിക്ക് കത്തെഴുതി ബൈക്ക് മോഷ്ടാവ്! ജീവനൊടുക്കാനും ശ്രമം; നാടകീയം

ഷൊർണൂർ: പോലീസ് തന്റെ കൈയ്യിലുണ്ടായിരുന്ന പണം അടിച്ചുമാറ്റിയെന്ന് ജഡ്ജിക്കും പോലീസ് മേധാവിക്കും കത്തെഴുതി ജയിലിൽ കഴിയുന്ന ബൈക്ക് മോഷണക്കേസ് പ്രതി. ഒടുവിൽ ജഡ്ജിയും പോലീസും ആരോപണം കള്ളമെന്ന് കണ്ടെത്തിയതോടെ പരാതി തള്ളിക്കളഞ്ഞു.

മോഷ്ടാവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി പിസി ഹരിദാസ് അന്വേഷണം നടത്തിയാണ് റിപ്പോർട്ട് നൽകിയത്. സ്ഥിരംകുറ്റവാളിയായ പ്രതിയുടെ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു ഡിവൈഎസ്പിയുടെ റിപ്പോർട്ട്. ഷൊർണൂരിലെ ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായ തിരൂർ വട്ടത്താണി വേങ്ങപ്പറമ്പിൽ സുദർശനനാണ് (25) പോലീസിനെതിരേ ഒറ്റപ്പാലം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജിക്കും പോലീസ് മേധാവിക്കും ജയിലിൽനിന്ന് കത്തെഴുതിയത്.

ഇയാൽ മോഷണക്കേസിൽ റിമാൻഡിൽ കഴിയുമ്പോഴായിരുന്നു കത്തെഴുതൽ. ബൈക്ക് മോഷണത്തിന് പിടിയിലാകുമ്പോൾ തന്റെ കൈവശമുണ്ടായിരുന്ന പണം പോലീസുകാർ വാങ്ങിയെന്നായിരുന്നു പരാതി. ഒരു പോലീസുകാരന്റെ പേരുൾപ്പെടെ കത്തിൽ സൂചിപ്പിച്ചായിരുന്നു വിശദമായ കത്ത്.

ഈ കത്തിൽ അന്വേഷണം നടത്തിയെങ്കിലും പ്രതിയുടെ പശ്ചാത്തലവും മറ്റും കണക്കിലെടുത്തു പോലീസും കോടതിയും ഇക്കാര്യം തള്ളിക്കളഞ്ഞു. കഴിഞ്ഞമാസം അറസ്റ്റിലായ സുദർശനൻ ജാമ്യത്തിലിറങ്ങി. തുടർന്ന് ഷൊർണൂർ പോലീസ് സ്‌റ്റേഷനിൽ രണ്ടാഴ്ച മുമ്പ് ഒപ്പിടാനെത്തിയപ്പോൾ പട്ടാമ്പിയിലെ പെട്രോൾ പമ്പിലെ കവർച്ചയിൽ കൂട്ടുപ്രതിയാണെന്ന സംശയത്തിൽ പോലീസ് പിടിച്ചുവെച്ചു.

ALSO READ- നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം, ഏഴുവയസ്സുകാരന് ദാരുണാന്ത്യം, കൈക്കുഞ്ഞുള്‍പ്പെടെ മാതാപിതാക്കള്‍ക്ക് പരിക്ക്

ഇതോടെ പോലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽ പോയ സുദർശനൻ അവിടെവെച്ച് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. പോലീസുകാർ ചികിത്സ നൽകുകയും സുദർശനനെ പട്ടാമ്പി പോലീസിനു കൈമാറുകയും ചെയ്തു.

പട്ടാമ്പി സ്റ്റേഷനിലെത്തിയപ്പോൾ പെട്രോൾ പമ്പിലെ കവർച്ചയിൽ കൂട്ടുപ്രതിയാവുകയും ചെയ്തു. ഇതറിഞ്ഞ സുദർശനൻ ചുവരിൽ തലയിടിച്ച് അക്രമാസക്തനായി. അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെ കഴുത്തു മുറിച്ചു ആത്മഹത്യയ്ക്കും ശ്രമിച്ചു. ഷൊർണൂർ പോലീസ് ആത്മഹത്യ ശ്രമത്തിനും കേസെടുത്തിട്ടുണ്ട്.

സ്ഥിരം കുറ്റവാളിയായ സുദർശനന്റെ പേരിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മോഷണമുൾപ്പെടെയുള്ള കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.

Exit mobile version