ട്രാക്ക് അറ്റകുറ്റപ്പണി; ഞായറാഴ്ച വരെ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. അങ്കമാലി-കളമശേരി സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗുരുവായൂര്‍-ചെന്നെ എഗ്മോര്‍ എക്‌സ്പ്രസ് ബുധനാഴ്ച മുതല്‍ 13 വരെ രണ്ടര മണിക്കൂര്‍ വൈകി രാത്രി 11.55 നായിരിക്കും പുറപ്പെടുക.

അങ്കമാലി-ചാലക്കുടി സെക്ഷനില്‍ പിടിച്ചിടുന്ന ട്രെയിനുകള്‍:

ഹസ്രത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് 10, 11 തീയതികളില്‍ അരമണിക്കൂര്‍ പിടിച്ചിടും. ഗംഗാനഗര്‍-കൊച്ചുവേളി എക്‌സ്പ്രസ് 10 ന് രണ്ട് മണിക്കൂര്‍ 40 മിനിറ്റ് പിടിച്ചിടും. വെരാവല്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് 11 നും ഗാന്ധിധാം-നാഗര്‍കോവില്‍ പ്രതിവാര എക്‌സ്പ്രസ് 12 നും ഓഖ-എറണാകുളം പ്രതിവാര എക്‌സ്പ്രസ് 13 നും രണ്ടു മണിക്കൂര്‍ 40 മിനിറ്റ് പിടിച്ചിടും.

മംഗലാപുരം-തിരുവനന്തപരും എക്‌സ്പ്രസ് 10 മുതല്‍ 13 വരെ ഒരു മണിക്കൂര്‍ 40 മിനിറ്റ് പിടിച്ചിടും. മധുര-തിരുവനന്തപുരം അമൃത/രാജ്യറാണി എക്‌സ്പ്രസ് 10 മുതല്‍ 13 വരെ 40 മിനിറ്റ് പിടിച്ചിടും. പാറ്റ്‌ന-എറണാകുളം പ്രതിവാര എക്‌സ്പ്രസ് 10 ന് ഒന്നര മണിക്കൂര്‍ പിടിച്ചിടും.

ഹസ്രത് നിസാമുദ്ദീന്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് 13 ന് രണ്ടു മണിക്കൂര്‍ 50 മിനിറ്റും ഹൈദരാബാദ്-കൊച്ചുവേളി സ്‌പെഷല്‍ ഫെയര്‍ സ്‌പെഷല്‍ ട്രയിന്‍ 13 ന് ഒന്നര മണിക്കൂറും പിടിച്ചിടും.

Exit mobile version