മധ്യപ്രദേശില്‍ നിന്ന് തൃശൂരിലേക്ക് തപാല്‍ മാര്‍ഗം എംഡിഎംഎ കടത്ത്; യുവാവ് പിടിയില്‍

വാടാനപ്പിള്ളി എക്സൈസ് കഴിമ്പ്രം സ്വദേശി അഖില്‍ രാജിനെയാണ് എംഡിഎംഎ സഹിതം പിടികൂടിയത്.

തൃശൂര്‍: മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ നിന്ന് തപാല്‍ മാര്‍ഗം എംഡിഎംഎ കടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വാടാനപ്പിള്ളി എക്സൈസ് കഴിമ്പ്രം സ്വദേശി അഖില്‍ രാജിനെയാണ് എംഡിഎംഎ സഹിതം പിടികൂടിയത്. ഇയാളുടെ സുഹൃത്തും മയക്കുമരുന്നു കച്ചവടത്തിലെ പങ്കാളിയുമായ ബാലുവെന്ന യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു.

കഴിഞ്ഞദിവസം അഖില്‍ രാജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 3.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. അന്വേഷണത്തില്‍ അഖില്‍ രാജ് സുഹൃത്തായ ബാലുവുമായി ചേര്‍ന്നാണ് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതെന്ന് മനസിലായി. ബാലുവിനെ രണ്ടാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പരിശോധനയില്‍ വാടാനപ്പിള്ളി റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്എസ് സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍ കെആര്‍ ഹരിദാസ്, സുധീരന്‍, വിജയന്‍, അനീഷ്, അബ്ദുള്‍ നിയാസ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പ്രിയ രാജേഷ് എന്നിവരും പങ്കെടുത്തു.

Exit mobile version