പ്രജീഷിന്റെ മരണവാര്‍ത്ത അസ്വസ്ഥനാക്കി: കുടുംബത്തിനോടൊപ്പമുണ്ട്, സഹോദരനെ വിളിച്ച് ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി എംപി

കൊച്ചി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച പ്രജീഷിന്റെ കുടുംബത്തിനെ ആശ്വസിപ്പിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി. പ്രജീഷിന്റെ മരണവാര്‍ത്ത തന്നെ അസ്വസ്ഥനാക്കിയെന്നും സഹോദരനെ വിളിച്ച് അനുശോചനം രേഖപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പ്രജീഷ് മരിച്ചെന്ന സങ്കടകരമായ വാര്‍ത്ത കേട്ട് അസ്വസ്ഥനാണ്. പ്രജീഷിന്റെ സഹോദരന്‍ മജീഷിനോട് ഞാന്‍ സംസാരിച്ചിരുന്നു. അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം ആ കുടുംബത്തിന് ഈ പ്രയാസകരമായ സമയത്ത് വേണ്ട എല്ലാ പിന്തുണയും ഉറപ്പ് നല്‍കി. വര്‍ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണ സംഭവങ്ങള്‍ അതീവ ജാഗ്രതയോടെ പരിശോധിക്കാന്‍ പ്രാദേശിക അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ പരിസ്ഥിതി നയങ്ങള്‍ മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം’. രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

വയനാട് വാകേരിയില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചില്‍ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. മൂന്ന് സംഘമായി തിരിഞ്ഞാണ് പരിശോധന. ആര്‍ആര്‍ടിയും വനം വകുപ്പു ജീവനക്കാരുമാണ് മേഖലയില്‍ കടുവയ്ക്കായി തിരച്ചില്‍ നടത്തുന്നത്. കടുവയെ പിടികൂടാന്‍ പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും.

കഴിഞ്ഞ ദിവസമാണ് വയനാട് സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Exit mobile version