വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കുട്ടി റോഡിലേയ്ക്ക് വീണു; കൂടെയുള്ളവരും അറിഞ്ഞില്ല, രക്ഷകനായി എത്തിയത് ഓട്ടോ ഡ്രൈവര്‍, പ്രജീഷിനെ ആദരിച്ച് കുടുംബം

പരപ്പനങ്ങാടി: വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ റോഡിലേയ്ക്ക് തെറിച്ച വീണ കുട്ടിക്ക് രക്ഷകനായി ഓട്ടോ ഡ്രൈവര്‍. ടര്‍ഫ് ഗ്രൗണ്ടില്‍ രാത്രി കളി കഴിഞ്ഞു മടങ്ങുകയായിരുന്ന പരപ്പനങ്ങാടി ചിറമംഗലത്തെ പള്ളിക്കല്‍ പ്രജീഷിന്റെ കണ്ണില്‍ 11വയസുകാരന്‍ പെടുകയായിരുന്നു. ഉടനെ തന്നെ കുട്ടിയെ ആശുപത്രിലെത്തിക്കുകയും പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു.

അതീവ ഗുരുതരാവസ്ഥയില്‍ 4 ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ കുട്ടി കഴിഞ്ഞദിവസമാണ് അപകടനില തരണം ചെയ്തത്. ശേഷം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ഒരാഴ്ച മുന്‍പാണ് പറമ്പില്‍ പീടികയിലുള്ള കുടുംബം വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ കുട്ടി റോഡിലേക്കു വീണത്. കൂടെയുള്ളവരാരും കുട്ടി വീണത് അറിഞ്ഞുമില്ല.

ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന കുഞ്ഞിനെ പ്രജീഷ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ അറിയിച്ച ശേഷം പൊലീസുകാരുടെ സഹായത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. തങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച പ്രജീഷിനെ കുടുംബം പോലീസ് സ്‌റ്റേഷനിലെത്തി ആദരിക്കുകയും ചെയ്തു. സിഐ ഹണി കെ.ദാസ് ഉപഹാരം കൈമാറി.

Exit mobile version