‘150 പവന്‍ സ്വര്‍ണം, വസ്തു, ബിഎംഡബ്ല്യൂ കാറും കിട്ടിയാലേ വിവാഹം നടക്കൂ’: കാമുകന്‍ കൈവിട്ടതോടെ തകര്‍ന്ന് ഷഹന

തിരുവനന്തപുരം: സ്ത്രീധനം വീണ്ടും ജീവനെടുത്തിരിക്കുകയാണ്. യുവ ഡോക്ടര്‍ ഷഹന (26)യുടെ വിയോഗം തീരാനോവായിരിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും ാകമുകന്‍ പിന്മാറിയതിനെ തുടര്‍ന്നുണ്ടായ വിഷമത്തിലാണ് ഷഹന ജീവിതം അവസാനിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ.ഷഹനയാണ് മരുന്ന് കുത്തിവച്ച് സ്വയം ജീവിതം അവസാനിപ്പിച്ചത്.

സുഹൃത്തായ ഡോക്ടറും ഷഹനയും പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹവും തീരുമാനിച്ചു. അതിനിടയിലേക്കാണ് വന്‍ തുക സ്ത്രീധനം വേണമെന്ന ആവശ്യം ഉയര്‍ന്നത്. വിവാഹം നടക്കണമെങ്കില്‍ ഭീമമായ തുക സ്ത്രീധനമായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. അതു കൊടുത്തില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്നും അറിയിച്ചു.

150 പവന്‍ സ്വര്‍ണം, വസ്തു, ബിഎംഡബ്ല്യൂ കാര്‍ എന്നിങ്ങനെയാണ് വിവാഹം നടക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 50 പവന്‍, 50 ലക്ഷം രൂപയുടെ സ്വത്തും കാറും കൊടുക്കാമെന്ന് ഷഹനയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നു. എന്നിട്ടും വിവാഹത്തില്‍ നിന്നും പിന്മാറി. ഇത്രയും നാള്‍ സ്‌നേഹിച്ച വ്യക്തി തന്നെ കൈവിട്ടു എന്ന കാര്യം ഷഹനയെ മാനസികമായി തകര്‍ത്തെന്ന് കുടുംബം പറയുന്നു.

തന്റെ ഉള്ളിലെ സങ്കടക്കടല്‍ ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കിയാണ് ഷഹന വിടപറഞ്ഞത്. നെഞ്ചില്‍ തറച്ചുകയറുന്ന വാക്കുകളിലൂടെയാണ് ഷഹന ജീവന്‍ വെടിഞ്ഞത്. ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’എന്നാണ് ഷഹന കുറിച്ചത്.

രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മുറിയില്‍ മരുന്നു കുത്തിവച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന ഷഹനയെ കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

മെഡിക്കല്‍ കോളജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പിജി അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ ഡോക്ടര്‍ക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version