ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ: ഡോ.റുവൈസിന്റെ പിജി പഠനം ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരം: ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ ഡോ.റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പഠനം തുടരാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് തടഞ്ഞത്. തിരുവനന്തപുരം മെഡി.കോളജ് പ്രിന്‍സിപ്പലിന്റെ അപ്പീലില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. റുവൈസിന്റെ സസ്‌പെന്‍ഷന്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടാന്‍ കോളജ് തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുന:പരിശോധിച്ച് തീരുമാനമെടുക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

മാര്‍ച്ച് 14-നാണ് റുവൈസിന് പഠനം തുടരാന്‍ അനുമതി നല്‍കി ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ഉത്തരവിട്ടത്. റുവൈസിന്റെ പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാലയുടെ ഉത്തരവും കോടതി സ്റ്റേ ചെയ്തിരുന്നു. മെറിറ്റില്‍ പ്രവേശനം നേടിയ റുവൈസിന് പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാകുമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍. ഒരാഴ്ചയ്ക്കകം പ്രവേശനം അനുവദിക്കാനും കോടതി കോളേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഡിസംബറിലാണ് വെഞ്ഞാറമൂട് സ്വദേശി ഷഹനയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ഷഹാന കുറിച്ചിരുന്നു. ഷഹാനയുടെയും റുവൈസിന്റെയും വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും റുവൈസും കുടുംബവും കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഭീമമായ സ്ത്രീധനം നല്‍കാത്തതിനാല്‍ വിവാഹത്തില്‍ നിന്ന് പ്രതി പിന്മാറിയെന്ന് മരിച്ച ഷഹനയുടെ അമ്മയും സഹോദരിയും മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും റുവൈസിനെ പുറത്താക്കിയിരുന്നു.

Exit mobile version