മഴ പെയ്തതോടെ വേദിയിലേക്ക് കൂട്ടത്തോടെ ഓടിക്കയറിയത് അപകടമുണ്ടാക്കി; മരിച്ചത് രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും; രണ്ട് പേരുടെ നില ഗുരുതരം

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ അപകടമുണ്ടായത് ധിഷണ എന്ന പേരിൽ സംഘടിപ്പിച്ച ടെക് ഫെസ്റ്റിനിടെ. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി മഴ പെയ്തതോടെ വിദ്യാർത്ഥികൾ വേദിയിലേക്ക് ഓടിക്കയറിയതാണ് അഭൂതപൂർവ്വമായ തിരക്ക് സൃഷ്ടിച്ചതും അപകടത്തിലേക്ക് നയിച്ചതുമെന്നാണ് വിവരം. പരിപാടിക്ക് പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ എത്തിയിരുന്നു.

ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വിദ്യാർത്ഥികൾ മറിഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ഇവർക്ക് മുകളിലേക്ക് മറ്റുള്ളവരും വീണു. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം.

തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികളാണ് മരിച്ചത്. 64 പേർക്ക് പരിക്കേറ്റ് വിവധ ആശുപത്രികളിൽ ചികിത്സയിലാണ്. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ നാലുപേരും മരണപ്പെട്ടിരുന്നു എന്ന് ജില്ലാ കളക്ടറും ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം കളമേശരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

ALSO READ- കുസാറ്റിലെ ഗാനമേളയ്ക്കിടെ തിക്കും തിരക്കും; നാല് വിദ്യാർത്ഥികൾ മരിച്ചു; 50ലേറെ പേർക്ക് പരിക്ക്; നിരവധി പേർ കുഴഞ്ഞുവീണു

പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു. ഗാനമേളയ്ക്കിടെ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്ത് ആഘോഷമിക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഇവർക്കിടയിലേക്ക് പെട്ടെന്ന് മഴ പെയ്തതോടെ ആളുകൾ കൂട്ടമായി എത്തിയതാണ് അപകട കാരണമായത്. നിരവധി പേർ ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു.

അതേസമയം, നവകേരള സദസിന്റെ ഭാഗമായി കോഴിക്കോടുള്ള മന്ത്രിമാർ ദുരന്തമുണ്ടായ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല(കുസാറ്റ്) യിലേക്ക് തിരിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവും വ്യവസായ മന്ത്രി പി രാജീവുമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. സ്ഥലം എംഎൽഎ കൂടിയാണ് പി രാജീവ്. ആരോഗ്യമന്ത്രി വീണ ജോർജ് കോഴിക്കോട് നിന്നും സ്ഥിതി വീക്ഷിക്കും.

Exit mobile version