എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുത്തു

എലത്തൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്ത ഐജി പി.വിജയനെ തിരിച്ചെടുത്തു. പ്രതിയുടെ യാത്രാവിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയെന്നും സുരക്ഷാ വീഴ്ചയ്ക്ക് വഴിവെച്ചെന്നും ആരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. വിജയന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പുറത്തിറക്കി. വകുപ്പു തല അന്വേഷണം തുടരും. കഴിഞ്ഞ അഞ്ചു മാസമായി ഇദ്ദേഹം സസ്‌പെന്‍ഷനിലായിരുന്നു.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് ഐജി വിജയനെ മേയ് 18നു സസ്‌പെന്‍ഡ് ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്.

Exit mobile version