റോഡില്‍ കുഴികുത്തി ജല അതോറിറ്റി; സ്വയം കുഴിച്ചകുഴിയില്‍ വീണ് ജല അതോറിറ്റിയുടെ വാഹനം; നാട്ടുകാര്‍ക്ക് കൗതുകം; ഒടുവില്‍ രക്ഷയ്‌ക്കെത്തി മണ്ണുമാന്തി യന്ത്രം

കുണ്ടറ: ജലജീവന്‍ മിഷന്റെ പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച കുഴിയില്‍ ജല അതോറിറ്റിയുടെ പിക്കപ്പ് ജീപ്പ് അകപ്പെട്ടത് നാട്ടുകാര്‍ക്കും കൗതുകമായി. ജല അതോറിറ്റി കുഴിച്ച കുഴിയില്‍ തന്നെയാണ് അതോറിറ്റിയുടെ ജീപ്പ് വീണത്. പെരുമ്പുഴ നല്ലില റോഡില്‍ തൃക്കോയിക്കല്‍ ക്ഷേത്രത്തിനുസമീപമായിരുന്നു സംഭവം. ഇവിടെ റോഡിനുവശത്തെ കുഴിയിലാണ് ജല അതോറിറ്റിയുടെ പിക്കപ്പ് ജീപ്പിന്റെ ടയര്‍ പുതഞ്ഞുപോയത്.

ALSO READ- റബ്ബര്‍പുരയിലെ തീ പടര്‍ന്ന് വീട് കത്തിയമര്‍ന്നു; നടുക്കം താങ്ങാനാകാതെ കുഴഞ്ഞുവീണ് ഗൃഹനാഥയ്ക്ക് ദാരുണമരണം

കുറച്ചുദിനങ്ങളായി ഇവിടെ ജലജീവന്‍ മിഷന്റെ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് പൈപ്പിട്ടശേഷം മണ്ണിട്ടുമൂടിയെങ്കിലും മണ്ണ് ശരിയായി ഉറപ്പിച്ചിരുന്നില്ല. തുടര്‍ന്ന് കൂടുതല്‍ പണികള്‍ക്കായി ബുധനാഴ്ച രാവിലെ 11-ഓടെ ഇതുവഴി പൈപ്പുമായി എത്തിയ പിക്കപ്പ് വാനാണ് മണ്ണില്‍ പുതഞ്ഞുപോയത്. വാഹനത്തിന്റെ മുന്‍വശത്തെ ടയറുകളാണ് മണ്ണില്‍ പുതഞ്ഞത്.

ജീവനക്കാരും നാട്ടുകാരും തിരിച്ച് വാഹനം കയറ്റാനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കൂടുതല്‍ മണ്ണിലേക്ക് പുതഞ്ഞുപോയ ജീപ്പിനെ ഒടുവില്‍ മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് റോഡിലേക്ക് കയറ്റിയത്. നേരത്തെ, പൈപ്പുകള്‍ സ്ഥാപിക്കാനായി പെരുമ്പുഴ ജങ്ഷനില്‍ കുഴിയെടുത്തത് ആഴ്ചകള്‍ നീണ്ട ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.

Exit mobile version